കൊന്നത്‌ വർഗീയവാദികൾ; പഴി സർക്കാരിനും സിപിഐ എമ്മിനും


ആലപ്പുഴ
കൃത്യമായ ആസൂത്രണത്തിലൂടെ കൊലനടത്തി വർഗീയകലാപത്തിന് ശ്രമിച്ച എസ്ഡിപിഐയും ബിജെപിയും ഒരേ സ്വരത്തിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ നുണപ്രചാരണവുമായി രംഗത്ത്. എസ്ഡിപിഐ നേതാവ് ഷാനിനെ ആർഎസ്എസ് കൊലപ്പെടുത്തി മണിക്കൂറിനുള്ളിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊന്ന് എസ്ഡിപിഐ തിരിച്ചടിച്ചു. രണ്ട് വർഗീയ ശക്തികൾ ഏറ്റുമുട്ടി മരിച്ചതിന്റെ കുറ്റമാണ് ഇവർ മറ്റുള്ളവരിൽ ചുമത്താൻ ശ്രമിക്കുന്നത്. കൊലപാതകംആസൂത്രണംചെയ്ത് നടത്തിയവർതന്നെ പൊലീസിനെ കുറ്റപ്പെടുത്തുന്നു എന്നതാണ് വിചിത്രം. കസ്റ്റഡിയിലെടുത്തവരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് എസ്ഡിപിഐയും രഞ്ജിത്തിന്റെ കൊലപാതകികളെ പൊലീസ് സഹായിക്കുന്നുവെന്ന് ബിജെപിയും നുണ പ്രചരിപ്പിച്ചു. അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെ പോലും അധിക്ഷേപിച്ചു. ‘പൊലീസിന് വീഴ്ച’ എന്ന കള്ളപ്രചാരണം തുടങ്ങിയ വലതുപക്ഷമാധ്യമങ്ങളെ ബിജെപി, എസ്ഡിപിഐ നേതാക്കളും യുഡിഎഫും പിന്നീട് ഏറ്റെടുത്തു.

ആലപ്പുഴ കൊലപാതകത്തിന്റെ മറവിൽ വർഗീയകലാപത്തിന് സാധ്യതയേറെയായിരുന്നു. പൊലീസിന്റെ ശക്തമായ ഇടപെടലിൽ എല്ലാം ശാന്തമായി. എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി തെളിഞ്ഞ ദിവസങ്ങൾ. ആദ്യ കൊലനടന്നതിന് പിന്നാലെ ഭീഷണിയുള്ള ഇരുവിഭാഗം നേതാക്കളുടെ വീടുകൾ പൊലീസ് നിരീക്ഷണത്തിലാക്കി. റെയ്ഡും കരുതൽ തടങ്കലും ഏർപ്പെടുത്തി. ആയിരം പൊലീസുകാരെ വിന്യസിച്ചു. കർശനമായ വാഹന പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എഡിജിപി വിജയ് സാഖറെ അന്വേഷണച്ചുമതല ഏറ്റെടുത്തു.

കൊലപാതകികൾ സംസ്ഥാനം വിട്ടെന്ന് മനസിലാക്കിയ പൊലീസ് അവരെ പിടികൂടാനുള്ള ശ്രമത്തിലാണ്. ആസൂത്രണം, ഗൂഢാലോചന എന്നിവ നടത്തിയവർ അറസ്റ്റിലായി. സർവകക്ഷി സമാധാന യോഗത്തിൽ ബിജെപിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫിനുമെല്ലാം സർക്കാരിനും പൊലീസിനുമെതിരെ ഒരേ സ്വരമായിരുന്നുവെന്നതും ശ്രദ്ധേയം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ySrbTm

Comments

Archive

Contact Form

Send