കേന്ദ്രത്തിന്റെ രാഷ്ട്രീയചട്ടുകം മാത്രമായി ഗവർണർമാർ; ‘അനാവശ്യ ഇടപെടൽ’ തടഞ്ഞ് സംസ്ഥാനങ്ങൾ
ന്യൂഡൽഹി > കേന്ദ്രം ഭരിക്കുന്ന പാർടിയുടെ രാഷ്ട്രീയചട്ടുകം മാത്രമായി ഗവർണർമാർ ചുരുങ്ങുന്ന പ്രവണത മോദി ഭരണത്തിൽ വർധിച്ചു. പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം കേന്ദ്രത്തിന്റെ രാഷ്ട്രീയ ഏജന്റായി ഗവർണർമാർ മാറുകയാണ്. ബംഗാളിലെ ജഗ്ദീപ് ധൻങ്കറും മഹാരാഷ്ട്രയിലെ ഭഗത്സിങ് കോഷിയാരിയും ഡൽഹി ലെഫ്. ഗവർണറായ അനിൽ ബെയ്ജാളും പഞ്ചാബ് ഗവർണറായ ബൻവാരിലാൽ പുരോഹിതും കേരളത്തിലെ ആരിഫ് മൊഹമ്മദ് ഖാനുമെല്ലാം ഈ പട്ടികയിലുണ്ട്.
കേരളത്തിൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചുകൊണ്ടാണ് രാജ്യത്ത് ഗവർണർ പദവിയുടെ രാഷ്ട്രീയ ദുരുപയോഗത്തിന് തുടക്കമായത്. സർക്കാരിന് ഭൂരിപക്ഷമുണ്ടായിട്ടും ഭരണഘടനയുടെ 356–-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി പുറത്താക്കി. ബംഗാളിൽ സിപിഐ എം ഉൾപ്പെട്ട ഐക്യമുന്നണി സർക്കാരുകളെ പുറത്താക്കാൻ രണ്ടുവട്ടം ഈ ഭരണഘടനാ വകുപ്പ് ദുരുപയോഗിച്ചു.
ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായശേഷം 356–-ാം വകുപ്പ് വ്യാപകമായി ദുരുപയോഗിച്ചു. ഗവർണറുടെ അധികാര ദുരുപയോഗം ദേശീയതലത്തിൽ ചർച്ചയായതോടെ വിവിധ കമീഷനുകളും സമിതികളും രൂപീകരിക്കപ്പെട്ടു. സർക്കാരിയ കമീഷൻ ഇതിൽ പ്രധാനം. ഗവർണറുടെ അധികാരവും പ്രവർത്തനങ്ങളും പുനഃപരിശോധിക്കണമെന്ന് സിപിഐ എം സർക്കാരിയ കമീഷനെ അറിയിച്ചു. ഗവർണർ പദവി തുടരേണ്ടതില്ലെന്നും അഭിപ്രായമുയർന്നു. എസ് ആർ ബൊമ്മെ കേസിൽ 1994ലെ സുപ്രീംകോടതി വിധി ഗവർണറുടെ അധികാരങ്ങളിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
മോദി സർക്കാർ വന്നശേഷം ഗവർണറുടെ അധികാരം ദുരുപയോഗിച്ച് 356–-ാം വകുപ്പ് വീണ്ടും പ്രയോഗിച്ചുതുടങ്ങി. 2016ൽ അരുണാചലിലും ഉത്തരാഖണ്ഡിലും സർക്കാരുകളെ പിരിച്ചുവിട്ടു. കോടതി ഇടപെടലിലൂടെ ഇവ പിന്നീട് റദ്ദാക്കപ്പെട്ടു. ഇതോടെ ബില്ലുകൾ വൈകിപ്പിക്കൽ, സമാന്തര ഭരണകേന്ദ്രങ്ങളായി പ്രവർത്തിക്കൽ, സർവകലാശാല ഭരണത്തിലും മറ്റും പരിധിവിട്ടുള്ള കൈകടത്തൽ തുടങ്ങിയ വഴിയായി മോദിയുടെ ഗവർണർമാരുടെ ‘ഇടപെടൽ’. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് സർക്കാരിയ കമീഷൻ നിർദേശമുണ്ടെങ്കിലും ആരിഫ് മൊഹമ്മദ് ഖാന്റെയടക്കം നിയമനത്തിൽ മോദി സർക്കാർ അത് ലംഘിച്ചു. കേരളത്തിൽ കാലഹരണപ്പെട്ട ബിജെപി നേതാക്കൾക്ക് ഒരുക്കി നൽകുന്നതും ഗവർണർ പദവിതന്നെ.
‘അനാവശ്യ ഇടപെടൽ’ തടഞ്ഞ് സംസ്ഥാനങ്ങൾ
എം അഖിൽ
ന്യൂഡൽഹി > സർവകലാശാല ചാൻസലർ പദവി കൈയാളുന്ന ഗവർണർമാരുടെ പല ഇടപെടലും വിവിധ സംസ്ഥാനങ്ങളിൽ സൃഷ്ടിക്കുന്നത് വലിയ തർക്കങ്ങൾ. ഉന്നത വിദ്യാഭ്യാസമേഖലയിൽ സമാന്തര അധികാരകേന്ദ്രമാകാനുള്ള ഗവർണർ ജഗ്ദീപ് ധൻകറുടെ നീക്കം തടഞ്ഞ് പശ്ചിമബംഗാളിൽ മമത ബാനർജി സർക്കാരിന് പുതിയ ചട്ടം അവതരിപ്പിക്കേണ്ടിവന്നു.
ചാൻസലറെന്ന നിലയില്‍ ഗവർണറുടെ അധികാരം 2019 ഡിസംബറിൽ ബംഗാള്‍ വെട്ടിക്കുറച്ചു. സർവകലാശാലകളുടെ ഉന്നത യോഗം വിളിക്കാനുള്ള അധികാരം എടുത്തുകളഞ്ഞു. ഗവർണറും വൈസ് ചാൻസലർമാരും തമ്മിലുള്ള ഔദ്യോഗിക ആശയവിനിമയം വിദ്യാഭ്യാസവകുപ്പ് മുഖേനയാക്കി. വിസിമാർക്കെതിരെ ഏകപക്ഷീയ നടപടിയെടുക്കാനുള്ള ഗവർണറുടെ അധികാരവും വെട്ടിക്കുറച്ചു.
മഹാരാഷ്ട്രയിൽ ശിവസേന–- എൻസിപി–- കോൺഗ്രസ് സർക്കാരും ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ തീരുമാനിച്ചു. വിസിമാരെ തെരഞ്ഞെടുക്കുന്നതിലടക്കം ഗവർണർ ഭഗത്സിങ് കോഷ്യാരിയുടെ അധികാരം വെട്ടിക്കുറച്ച് ‘മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്സിറ്റി നിയമം’ ഭേദഗതി ചെയ്യും.
വിസിമാരായി ‘ആർഎസ്എസുകാർ’
വിസിമാരെ തെരഞ്ഞെടുക്കുന്നതിൽ ഗവർണർമാരുടെ അധികാരം കുറയ്ക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നിതിൻ റൗത്ത് 2020 ആഗസ്തിൽ തുറന്നടിച്ചു. നാഗ്പുർ സർവകലാശാല വിസിയായി ആർഎസ്എസ് അനുഭാവി സുഭാഷ് ചൗധരിയെ നിയമിച്ചതോടെയായിരുന്നു പ്രതികരണം.
തമിഴ്നാട്ടിൽ ഗവർണർ ആർ എൻ രവിയുടെ അനാവശ്യ ഇടപെടല്‍ ഉന്നത വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കി. ഗവർണർ പങ്കെടുക്കുന്ന യോഗത്തിൽ സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ കോളേജുകളിലെയും പ്രിൻസിപ്പൽമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതിദാസൻ സർവകലാശാലാ രജിസ്ട്രാർ കത്തയച്ചത് വിവാദമായി. ഭൻവാരി ലാൽ പുരോഹിത് ഗവർണറായിരിക്കെ സർവകലാശാലാ പ്രവർത്തനങ്ങളിൽ ആവശ്യമില്ലാതെ ഇടപെട്ടതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. ജാർഖണ്ഡിലും ചില സർവകലാശാലകളിലെ ഉയർന്ന തസ്തികകളിലെ നിയമനവിഷയത്തിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾ അലോസരമായിട്ടുണ്ട്.
Credits National || Deshabhimani Online News https://ift.tt/3GDW5BU
Comments