സിൽവർ ലൈൻ : യോഗം ചേര്‍ന്നില്ല ; റെയിൽ മന്ത്രിയുടെ യോ​ഗത്തില്‍ എല്‍ഡിഎഫ് എംപിമാരെ ഉള്‍പ്പെടുത്തുന്നതില്‍ കോണ്‍​ഗ്രസിന് എതിര്‍പ്പ്


ന്യൂഡൽഹി
കെ റെയിലിന്റെ അർധ അതിവേഗ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് നിശ്ചയിച്ച യോഗം നടന്നില്ല. മന്ത്രിസഭാ യോഗം ഉണ്ടായിരുന്നതിനാലാണ് യോഗം മുടങ്ങിയത്. അതേസമയം, പദ്ധതി മുടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി യുഡിഎഫ് എംപിമാർ കുത്തിത്തിരിപ്പ് തുടരുന്നു.

പദ്ധതിക്കെതിരെ ആരോപണങ്ങൾ കെട്ടിച്ചമച്ചും അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടും 19 യുഡിഎഫ് എംപിമാർ ഒപ്പിട്ട നിവേദനം കഴിഞ്ഞദിവസം കൊടിക്കുന്നിൽ സുരേഷ് റെയിൽ മന്ത്രിക്കു നൽകി. ബുധനാഴ്ച വിശദമായ ചർച്ചയ്ക്ക് മന്ത്രി തീരുമാനിച്ചു. ചർച്ചയിൽ കേരളത്തിലെ എല്ലാ എംപിമാരെയും വിളിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടു. മന്ത്രി അക്കാര്യം അംഗീകരിച്ചു.ഇതിനോട് കോൺഗ്രസ് എംപിമാർ എതിർപ്പ് പ്രകടിപ്പിച്ചു. അടുത്തയാഴ്ച തങ്ങളുമായി പ്രത്യേകം ചർച്ച വേണമെന്ന നിലപാടിലാണ് അവർ. വ്യാജ ആരോപണം ഉന്നയിച്ച് പദ്ധതിക്ക് തുരങ്കംവയ്ക്കുകയാണ് ലക്ഷ്യമെന്ന് ഇതിൽനിന്ന് വ്യക്തം. പാർലമെന്റിലും കോൺഗ്രസ് അംഗങ്ങൾ സിൽവർ ലൈൻ പദ്ധതിക്കെതിരെ നിരന്തരം ആക്ഷേപമുന്നയിക്കുന്നു.

സമരത്തിനില്ലെന്ന് തരൂർ
സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്തുചാടി സമരത്തിനില്ലെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ പദ്ധതിക്ക് അനുകൂലമായ കാര്യങ്ങളാണ് പറഞ്ഞത്. ചോദ്യങ്ങളുണ്ട്. അതിനു മറുപടിയുണ്ടെന്നാണ് സർക്കാരും കെ റെയിലും പറഞ്ഞത്. വിഷയത്തിൽ വിശദചർച്ച വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3IT2c6Z

Comments

Archive

Contact Form

Send