വിലക്കയറ്റം: കേന്ദ്രം നോക്കുകുത്തി ; പ്രതിഷേധിക്കണം: സിപിഐ എം
ന്യൂഡൽഹി
ഭക്ഷ്യവസ്തുക്കളടക്കം അവശ്യസാധനങ്ങളുടെ വിലവർധന രാജ്യത്ത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. അതിരൂക്ഷമായ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാരിനാകുന്നില്ല. കേന്ദ്രത്തിന്റെ ഈ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ എല്ലാ പാർടി ഘടകങ്ങളും പ്രതിഷേധം സംഘടിപ്പിക്കാനും പിബി ആഹ്വാനം ചെയ്തു.
മൊത്ത വിലസൂചിക പ്രകാരം നവംബറിലെ വിലക്കയറ്റം 14.2 ശതമാനമാണ്. മുപ്പതുവർഷത്തെ ഏറ്റവും ഉയർന്ന തോതാണിത്. ഇന്ധന–- വൈദ്യുതി വിലകളിൽ 39.81 ശതമാനം വർധനയുണ്ടായി. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. അതിനിടെ സ്ഥിരവേതനത്തിൽ ജോലിചെയ്തിരുന്ന 68 ലക്ഷംപേർക്ക് നവംബറിൽ തൊഴിൽ നഷ്ടമായി. നഗരമേഖലയിൽ തൊഴിലില്ലായ്മ 17 ആഴ്ചയിലെ ഏറ്റവും ഉയർന്നതോതിലാണ്. ആകെ ഒമ്പതാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലും. വിലക്കയറ്റത്തിനൊപ്പം രൂക്ഷമായ തൊഴിലില്ലായ്മകൂടി ചേരുന്നതോടെ സമ്പദ്വ്യവസ്ഥയിൽ ചോദനയെ ചുരുക്കുകയും മാന്ദ്യത്തിന് വഴിയൊരുക്കും–- പിബി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വാക്സിനേഷന്
വേഗം കൂട്ടണം
ഒമിക്രോൺ വ്യാപനം വീണ്ടുമൊരു ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിക്കാതിരിക്കാൻ രാജ്യത്ത് വാക്സിനേഷന് വേഗം കൂട്ടണമെന്ന് എ കെ ജി ഭവനിൽ ചേർന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. ഒമിക്രോൺ കൂടുതലാളുകളെ ബാധിച്ചേക്കുമെന്നതിനാൽ അപകടസാധ്യത ഉയരുകയാണ്. ഈ വർഷംതന്നെ 18വയസ്സിന് മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാക്സിനും നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 18 വരെ 39 ശതമാനത്തിന് മാത്രമാണ് രണ്ടു ഡോസ് നൽകിയത്. പ്രതിദിന കുത്തിവയ്പ് കൂട്ടി വാക്സിനേഷൻ വേഗം കൂട്ടണം–- പിബി ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/3e8qBYg
Comments