കെഎസ്ആർടിസി ശമ്പളവിതരണം ഇന്നുമുതൽ
തിരുവനന്തപുരം
കെഎസ്ആർടിസിയിൽ തിങ്കൾമുതൽ ശമ്പളവിതരണം ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. വെള്ളിയാഴ്ചമുതൽ മൂന്ന് ദിവസമായി ജീവനക്കാരുടെ ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപ നഷ്ടം ഉണ്ടായി. കോവിഡിനുശേഷമുള്ള റെക്കോഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് ലഭിച്ച 5.79 കോടി. എന്നാൽ, വെള്ളിയാഴ്ച അത് 4.83 കോടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ജീവനക്കാർ തിങ്കളാഴ്ച ഡ്യൂട്ടി ബഹിഷ്കരിച്ചാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
ക്രിസ്മസ് അവധി ഉൾപ്പെടെ ഉള്ളതുകൊണ്ട് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ ഉണ്ടാകുമെന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്ന് സിഎംഡി അഭ്യർഥിച്ചു. സർവീസ് മുടങ്ങുന്നത് കെഎസ്ആർടിസിയെ ജനങ്ങളിൽനിന്ന് അകറ്റാനേ ഉപകരിക്കൂ. ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3paXzxB
Comments