സിൽവർ ലൈൻ പരിസ്ഥിതി സൗഹൃദം ; യുഡിഎഫ്‌ പ്രചാരണം വസ്‌തുത മറച്ചുവച്ച്‌

@
തിരുവനന്തപുരം
അർധ അതിവേഗ പാതയ്ക്ക് എതിരായ യുഡിഎഫ് പ്രചാരണം പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്ന വസ്തുത മറച്ചുവച്ച്. കാസർകോടുമുതൽ തിരുവനന്തപുരംവരെ നാലുമണിക്കൂർകൊണ്ട് എത്താവുന്ന പദ്ധതി ഊർജസംരക്ഷണം ഉറപ്പിക്കുന്നതാണെന്ന് വിശദ പദ്ധതിരേഖയിലുണ്ട്.

നാടിന്റെ വികസനം മുടക്കുക എന്ന ലക്ഷ്യംമാത്രം മുൻനിർത്തിയാണ് യുഡിഎഫ് നുണപ്രചാരണം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും വലിയ മാറ്റമാണ് അർധ അതിവേഗ റെയിൽപ്പാതയുണ്ടാക്കുക. കുറഞ്ഞ അളവിൽ ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയിൽ ഉപേക്ഷിക്കപ്പെട്ട നെൽവയലുകൾ പുനരുജ്ജീവിക്കുന്നതും പാരിസ്ഥിതിക വികസനവും ലക്ഷ്യമിടുന്നു.
റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ലെങ്കിലും കെ റെയിലിന് വ്യക്തമായ പരിസ്ഥിതി നയമുണ്ട്. സമഗ്ര പാരിസ്ഥിതികാഘാത പഠനം മുന്നേറുന്ന ഘട്ടത്തിലാണ് ഇതെല്ലാം മറച്ചുവച്ചുള്ള യുഡിഎഫ് പ്രചാരണം.

പരിസ്ഥിതി നിയമങ്ങളും നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് രൂപകൽപ്പന. പരിസ്ഥിതിലോല പ്രദേശങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് അലൈൻമെന്റ്. നെൽവയലുകളും തണ്ണീർത്തടങ്ങളുമുള്ള പ്രദേശങ്ങളിൽ തൂണുകളിലൂടെയാണ് പാത കടന്നുപോകുന്നത്.ഫോസിൽ ഇന്ധനം ഒഴിവാക്കി 100 ശതമാനം പുനരുപയോഗ ഊർജമാണ് ഉപയോഗിക്കുക. കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കും. സ്റ്റാഫ് ക്വാർട്ടേഴ്സുകളിലും സ്റ്റേഷനുകളിലും മറ്റു കെട്ടിടങ്ങളിലും സൗരോർജമാണ് ഉപയോഗിക്കുക. സ്റ്റേഷനുകളിലും സ്റ്റാഫ് ക്വാർട്ടേഴ്സുകളിലും മഴവെള്ള സംഭരണത്തിന് സംവിധാനവുമുണ്ടാകും.

ഉയർന്ന ഊർജക്ഷമതയുള്ള കെട്ടിടമാണ് മറ്റൊരു പ്രത്യേകത. വെളിച്ചം, എസി എന്നിവയ്ക്കുള്ള വൈദ്യുതോപയോഗം പരമാവധി കുറഞ്ഞ തോതിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mjYgm7

Comments

Archive

Contact Form

Send