മേഘാലയയിലും ബിജെപി കോൺഗ്രസ് ഭായ് ഭായ് ; സഖ്യസർക്കാരിന് പിന്തുണ
ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെ ഹിന്ദുഭരണ പ്രഖ്യാപനത്തിനു പിന്നാലെ മേഘാലയയിൽ ബിജെപി ഉൾപ്പെടുന്ന എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. അഞ്ച് കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി കോൺറാഡ് സാങ്മയെ കണ്ടാണ് പിന്തുണ അറിയിച്ചത്.
അടുത്തിടെ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ 12 എംഎൽഎമാർ തൃണമൂലിൽ ചേർന്നിരുന്നു. ഇതോടെ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം അഞ്ചായി ചുരുങ്ങി. കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാനാണ് ബിജെപി സഖ്യസർക്കാരിന്റെ ഭാഗമാകാനുള്ള തീരുമാനം. മേഘാലയയുടെ ചുമതലയുള്ള മുതിർന്ന നേതാവ് മനീഷ് തിവാരിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നശേഷമാണ് എംഎൽഎമാർ മുഖ്യമന്ത്രിയെ കണ്ടത്. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയാണ് സർക്കാരിനെ പിന്തുണയ്ക്കുന്നതെന്നും പ്രതിപക്ഷ റോളിൽത്തന്നെ തുടരുമെന്നും മനീഷ് തിവാരി പറഞ്ഞു. കോൺഗ്രസ് ആശയക്കുഴപ്പത്തിലാണെന്നും സർക്കാരിനെ പിന്തുണയ്ക്കുന്നത് ജനവഞ്ചനയാണെന്നും മുകുൾ സാങ്മ പ്രതികരിച്ചു. മേഘാലയയിൽ കോൺഗ്രസും ബിജെപിയും ഒരേ സർക്കാരിന്റെ ഭാഗമായെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
അറുപത് അംഗ നിയമസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 21 സീറ്റ് നേടിയിരുന്നു. മൂന്ന് എംഎൽഎമാർ മരിച്ചു.
ഒരാൾ ഭരണകക്ഷിയായ എൻപിപിയിൽ ചേർന്നു. ശേഷിച്ച 17ൽ 12 പേരാണ് ഒറ്റയടിക്ക് തൃണമൂലായത്. എൻഡിഎയിൽ എൻപിപിക്ക് 23ഉം ബിജെപിക്ക് രണ്ടും അംഗങ്ങളുണ്ട്.
അതേസമയം, ഹിന്ദു അനുകൂല പ്രഖ്യാപനങ്ങൾ തുടരുകയാണ് രാഹുൽ ഗാന്ധി. ഒറ്റയ്ക്ക് ഗംഗയിൽ കുളിക്കുന്നത് ഹിന്ദുത്വവാദികളാണെന്ന് രാഹുൽ യുപിയിലെ അമേത്തിയിൽ പറഞ്ഞു. ഹിന്ദുക്കൾ കോടിക്കണക്കിനാളുകൾക്കൊപ്പമാണ് ഗംഗയിൽ കുളിക്കുക. ഹിന്ദുവാണെന്നു പറയുന്ന മോദി എപ്പോഴാണ് സത്യത്തെ സംരക്ഷിച്ചിട്ടുള്ളത്. അദ്ദേഹം ഹിന്ദുവോ ഹിന്ദുത്വവാദിയോ–- രാഹുൽ ചോദിച്ചു.
Credits National || Deshabhimani Online News https://ift.tt/3yOksdd
Comments