കൊലയാളികളെ സംരക്ഷിച്ചത് ആർഎസ്എസ് ഉന്നതർ
തൃശൂർ> കള്ളായിയിൽ കൊലയാളി സംഘത്തിന് ഒളിത്താവളം ഒരുക്കി പ്രതികളെ സംരക്ഷിച്ചതിനുപിന്നിൽ ബിജെപി, ആർഎസ്എസ് സംസ്ഥാന–- ജില്ലാ നേതാക്കൾക്ക് പങ്കുള്ളതായി സൂചന. ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ വധക്കേസിലെ കൊലയാളി സംഘത്തിനാണ് തൃക്കൂർ പഞ്ചായത്തിലെ വനാതിർത്തിയായ കള്ളായിയിൽ ആർഎസ്എസ് നേതാവ് ഒളിത്താവളം ഒരുക്കിയത്. ഉന്നത നേതാക്കളുടെ നിർദേശപ്രകാരമാണ് ഇതെന്നാണ് സൂചന. ബിജെപി സംസ്ഥാന നേതാവ് ഉൾപ്പെടെ കേന്ദ്രത്തിൽ എത്തിയിരുന്നതായും മുമ്പും ഇത്തരം പ്രതികളെ ഒളിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചു.
കള്ളായി സ്വദേശികളും ആർഎസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേൽ വീട്ടിൽ കെ ടി സുരേഷ് ( സുധീഷ്–- 49), ആർഎസ്എസ് പ്രവർത്തകൻ കള്ളായി മംഗലത്ത് വീട്ടിൽ ഉമേഷ് (27) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി വരന്തരപ്പിള്ളി പൊലീസിന്റെ സഹായത്തോടെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ ജില്ലയിൽ പീച്ചി, ചിമ്മിനി, ചാലക്കുടി ഉൾപ്പെടെയുള്ള വനമേഖലയുടെ ചുമതലയാണ് സുരേഷിന്. കള്ളായി വനത്തോട് ചേർന്ന് സുരേഷിന്റെ ഭാര്യവീട്ടിൽ താമസമില്ല. ഈ വീടാണ് ഒളിത്താവളമാക്കിയത്. അക്രമങ്ങൾക്കുശേഷം സംസ്ഥാനത്തെ ആർഎസ്എസ് ക്രിമിനലുകളെ ഇവിടെ എത്തിക്കാറുള്ളതായാണ് സൂചന. പൊലീസെത്തിയാൽ വനത്തിനുള്ളിലേക്ക് കയറി പ്രതികൾക്ക് രക്ഷപ്പെടാം. ഈ വീട്ടിലേക്കുള്ള വഴികളിൽ ആർഎസ്എസ് കാവലുണ്ട്. വട്ടക്കൊട്ടായിയിലുള്ള സുരേഷിന്റെ വീട്ടിൽ ഭക്ഷണം ഒരുക്കിയാണ് എത്തിച്ചിരുന്നത്. ഉമേഷുൾപ്പെടെ ആർഎസ്എസുകാർ സഹായത്തിനുണ്ടാവും. പൊലീസ് വരുന്നതറിഞ്ഞതോടെ സുരേഷും മറ്റൊരു ആർഎസ്എസുകാരൻ ജനധരനും കൂടി രണ്ടു ബൈക്കുകളിൽ കയറ്റി പ്രതികളെ മാറ്റി. വരന്തരപ്പിള്ളി ഭാഗത്തേക്കാണ് മാറ്റിയത്. ജനധരൻ ഒളിവിലാണ്. പ്രദേശത്തെ സിസിടിവി പരിശോധിച്ചുവരികയാണ്.
സേവാഭാരതിയുടെ പേരിലും ഇവർ പ്രവർത്തിച്ചിരുന്നു. പല ദിവസങ്ങളിലും കള്ളായിയിലെ വീട്ടിൽ ആളുകളെ താമസിപ്പിച്ചിരുന്നതായി നാട്ടുകാർ പൊലീസിന് വിവരം കൈമാറി. കാട് കാണാൻ വരുന്നവരാണെന്നാണ് ആർഎസ്എസ് സംഘം പറഞ്ഞിരുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/32ptBNt
Comments