കോവിഡ്‌ പ്രതിരോധം : കേരളം ഇന്ത്യയുടെ അഭിമാനം ഉയർത്തി: രാഷ്ട്രപതി


തിരുവനന്തപുരം
കോവിഡ് പ്രതിരോധത്തിൽ കേരളം രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ലോകമാകെ കോവിഡ് ബാധിച്ചപ്പോൾ കേരളത്തിൽനിന്നുള്ള നഴ്സുമാരും ഡോക്ടർമാരുമാണ് വിവിധ രാജ്യങ്ങളിൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ചത്. ഇവരുടെ സേവനം ലോകമാകെ വിലമതിക്കുന്നെന്നും പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

വികസന–- ക്ഷേമ കാര്യങ്ങളിലെ കേരള മാതൃകകളെ രാഷ്ട്രപതി ആവർത്തിച്ച് പ്രശംസിച്ചു. വിവിധ മനുഷ്യവിഭവ വികസന സൂചികകളിൽ മറ്റ് സംസ്ഥാനങ്ങളെ കേരളം നയിക്കുകയാണ്. മാറിമാറിവരുന്ന സർക്കാരുകൾ സംസ്ഥാനത്തിന്റെ വളർച്ചയും വികസനവും ഉറപ്പാക്കുന്നതിൽ നിരന്തര ശ്രദ്ധ പുലർത്തുന്നു. വിവിധ മേഖലയിൽ മികവാർന്ന നേട്ടങ്ങൾ നിലനിർത്തുന്നതിൽ നേതൃസ്ഥാനം ഉറപ്പാക്കാനും കേരളത്തിന് കഴിയുന്നതായും രാഷ്ട്രപതി പറഞ്ഞു.

ഉത്തമമായ ഒരുമയും സംസ്കാരവും എടുത്തുകാട്ടുന്ന കേരളത്തിലേക്ക് രാജ്യത്തിന്റെയും ലോകത്തിന്റെയുമാകെ ആദരവും സൽപ്പേരും ആകർഷിക്കാനാകുന്നു. ലോകമാകെ തൊഴിലിടമാക്കിയ മലയാളികൾ, സ്വന്തം നാടിന്റെ മാത്രമല്ല, രാജ്യത്തിന്റെയും യശസ്സ് ഉയർത്തുന്നു. ഒപ്പം വൻതോതിൽ വിദേശനാണ്യവുമെത്തിക്കുന്നു–- രാഷ്ടപതി പറഞ്ഞു.

മുഖ്യമന്ത്രിയും ഗവർണറും കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും വലിയ പരിചയസമ്പന്നരും വിവേകമതികളുമായ രാഷ്ട്രീയ നേതാക്കളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഗവർണറുടെ മാർഗനിർദേശത്തിലും വലിയ നേട്ടങ്ങൾ കേരളീയർക്ക് അനുഭവിക്കാനാകുന്നു. ഇത് സംസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

പി എൻ പണിക്കരുടെ പ്രതിമ 
രാഷ്ട്രപതി അനാവരണം ചെയ്തു
തലസ്ഥാനത്ത് പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്തു. പൂജപ്പുര പാർക്കിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ രാഷ്ട്രപതിക്കുപുറമെ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും പുഷ്പാർച്ചന നടത്തി.
പൂജപ്പുര മൈതാനത്ത് ചേർന്ന പൊതുസമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി, ഗവർണർ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി രാഷ്ട്രപതിക്ക് ഉപഹാരം സമർപ്പിച്ചു.

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ, മുഖ്യമന്ത്രി, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, എയർമാർഷൽ ജെ ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പൂജപ്പുരയിൽ ഗവർണറും മുഖ്യമന്ത്രിയും അദ്ദേഹത്തെ വരവേറ്റു.

പ്രതിമ അനാവരണച്ചടങ്ങിനുശേഷം രാഷ്ട്രപതി രാജ്ഭവനിലേക്കു പോയി. വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം വെള്ളി രാവിലെ 10.20ന് ഡൽഹിക്കു മടങ്ങും.




Credits Kerala || Deshabhimani ​Online ​News https://ift.tt/3yWRAPT

Comments

Archive

Contact Form

Send