ബാലചന്ദ്രകുമാർ മൊഴിനൽകി ; ദിലീപിന്റെ 20 ശബ്ദരേഖ കൈമാറി


കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെതിരെ നൽകിയ തെളിവുകൾ വ്യാജമല്ലെന്ന് സംവിധായകൻ പി ബാലചന്ദ്രകുമാർ. സാക്ഷികളെ പണം നൽകി കൂറുമാറ്റാൻ ശ്രമിച്ചതുൾപ്പെടെ ദിലീപിന്റെ വീട്ടിൽവച്ച് റെക്കോഡ് ചെയ്ത ശബ്ദരേഖയും മറ്റു തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായും ബാലചന്ദ്രകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ എത്തിയതായിരുന്നു അദ്ദേഹം.

ക്രൈംബ്രാഞ്ചിന് നൽകിയ ശബ്ദരേഖകളും മറ്റു തെളിവുകളും വ്യാജമല്ല. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി, സഹോദരീ ഭർത്താവ് സുരാജ്, കാവ്യ മാധവൻ എന്നിവരുടെ ശബ്ദം വ്യക്തമാണ്. ദിലീപിന്റെ 20 ഓഡിയോ ക്ലിപ്പുകൾ പൊലീസിന് നൽകിയിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ വ്യാജമായി നിർമിക്കാനാകില്ല. പൾസർ സുനി പുറത്തിറങ്ങിയാൽ അപായപ്പെടുത്താൻ ഉദ്ദേശിക്കുന്നതിന്റെ ശബ്ദരേഖയും കൈമാറി.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന്റെ തെളിവുകളും നൽകി. കൂറുമാറിയതിന് കൂടുതൽ പണം ആവശ്യപ്പെട്ട് കാവ്യ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ സാഗർ ദിലീപിന്റെ അഭിഭാഷകനെ കണ്ട കാര്യം ഓഡിയോയിലുണ്ട്. ദിലീപിന്റെ വീട്ടിൽ വന്ന വിഐപി ദിലീപുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് വിശ്വസിക്കുന്നു. വിഐപി എന്ന് വിശേഷിപ്പിച്ചയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിയെക്കുറിച്ചും പറയുന്നുണ്ട്.

ദിലീപിനെതിരെ പൊലീസുമായി ഗൂഢാലോചന നടത്തിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് വെളിപ്പെടുത്താൻ വൈകിയത്. തെളിവുകളുമായി ഇനിയും കൂടുതൽ ആളുകളെത്തും. ഭീഷണിയുള്ളതിനാലാണ് പലരും പിന്നോട്ടുപോയത്–-ബാലചന്ദ്രകുമാർ പറഞ്ഞു.

ബാലചന്ദ്രകുമാറിൽനിന്ന് എറണാകളം എഫ്സിജെഎം കോടതി ബുധനാഴ്ച രഹസ്യമൊഴിയെടുക്കും. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്.

അറസ്റ്റ് തടഞ്ഞില്ല
നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ് തടയണമെന്ന നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസ് വെള്ളിയാഴ്ച കേൾക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി, അതുവരെ ഒന്നും സംഭവിക്കാനില്ലെന്നും പറഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥ് പൊലീസിന്റെ റിപ്പോർട്ട് തേടി. ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി അനുവദിച്ചില്ല.

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിനെ തുടർന്നാണ് ദിലീപ്, സഹോദരൻ -അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കള്ളക്കേസാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസിൽ കുടുക്കിയെന്നുമാണ് ഹർജിക്കാരുടെ ആരോപണം.

അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും സാധ്യതയുണ്ടെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും ആവശ്യപ്പെടുന്നു. കേസിൽ ദിലീപ് ഒന്നാം പ്രതിയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ngxxYa

Comments

Archive

Contact Form

Send