ഷാപ്പിനടുത്ത് വീടുവച്ചിട്ട് പരാതി ഉന്നയിച്ചാൽ അംഗീകരിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി
കള്ളുഷാപ്പിനടുത്ത് വീടുവച്ചശേഷം ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന് വാദിച്ചാൽ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. വൈക്കം റേഞ്ച് പരിധിയിലെ ഒരു കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
1994 മുതൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിനടുത്ത് 2005-ലാണ് പരാതിക്കാരി സ്ഥലം വാങ്ങിയത്. അഞ്ചുവർഷം കഴിഞ്ഞ് വീട് പണിതു. ഏറെനാൾ കഴിഞ്ഞ് താമസം തുടങ്ങി. ഇതിനുശേഷം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നൽകിയ പരാതിയിൽ ഷാപ്പ് മാറ്റിസ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. അനുയോജ്യമായ സ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസൻസി നൽകിയ പരാതിയിൽ സ്ഥലം കിട്ടുന്നതുവരെ ഷാപ്പ് അവിടെ തുടരാൻ സർക്കാർ അനുമതി നൽകി. ഇതിനെതിരെ പരാതിക്കാരി നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ കള്ളുഷാപ്പ് ലൈസൻസി നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നല്ലാതെ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3Ge5lN7
Comments