അറിയണം കുട്ടികളുടെ ലോകം
ഹോം സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റിനെ ഓർക്കുന്നില്ലേ. സ്മാർട്ട് ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് സഞ്ചരിക്കുന്ന മക്കളുടെ ഒപ്പമെത്താൻ പരിശ്രമിക്കുന്ന അച്ഛൻ. അതിനിടയിൽ ഒലിവറിന് പറ്റുന്ന അമളികൾ സിനിമ പറയുന്നു.
എങ്ങനെ സുരക്ഷിതമായി സ്മാർട്ട് ഫോണും ഇന്റർനെറ്റും ഉപയോഗിക്കാമെന്ന് പഠിപ്പിക്കുന്നതാണ് കാപിന്റെ (ചിൽഡ്രൺ ആൻഡ് പൊലീസ്) ഡിജിറ്റൽസേഫ് പദ്ധതി. കുട്ടികളുമായി നല്ല ബന്ധവും ആശയ വിനിമയവും ഉണ്ടായിരിക്കണമെന്ന് മാനസികാരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കൾ കുട്ടികളോട് ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും സംസാരിക്കണം.
ഇതിനെ ക്വാളിറ്റി ടൈം എന്ന് പറയും. കുട്ടികളെ കേൾക്കാനുള്ള സമയമാണിത്. അങ്ങനെ ചെറുപ്പം മുതലേ ശീലിപ്പിക്കണം. കുട്ടികളിലെ മാറ്റം മനസ്സിലാക്കാൻ ഇത് സഹായിക്കും. കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിന്റെ ശ്രദ്ധകിട്ടുംവിധം കഴിവുകൾ വളർത്തിയെടുക്കുക എന്നിവയും മാനസികാരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
രക്ഷാകർതൃത്വം എങ്ങനെ മികച്ചതാക്കാമെന്ന് വനിത–ശിശുവികസന വകുപ്പിന്റെ പാരന്റിങ് ക്ലിനിക്കുകൾ പഠിപ്പിക്കും. പഞ്ചായത്തുതോറും ക്ലിനിക്കിനുള്ള നടപടി തുടങ്ങി. സ്കൂൾ കേന്ദ്രീകരിച്ചും വിവിധ പദ്ധതി നടപ്പാക്കുന്നു. അതിജീവനം എന്ന പേരിൽ സമഗ്രശിക്ഷ കേരളം മാനസികാരോഗ്യ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. യുനിസെഫിന്റെ സഹകരണത്തോടെയുള്ള പദ്ധതിയിൽ സ്കൂളുകൾ, പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കൗൺസലിങ് നൽകും.
‘ചിരി’യിലേക്ക് വിളിക്കാം
കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 2020 ജൂലെെയിൽ ആരംഭിച്ച ഹെൽപ്പ്ലൈനാണ് ചിരി. ഇതുവരെ വന്നത് 24,649 വിളികൾ. ഫോൺ അഡിക്ഷൻ –-921, ഗെയിം അഡിക്ഷൻ–-1169, മാനസിക സമ്മർദം–-3340, പഠനപ്രശ്നങ്ങൾ–-1772, കുടുംബപ്രശ്നങ്ങൾ –-828 കോളും വന്നതായാണ് കണക്ക്. കുട്ടികൾക്കും രക്ഷിതാക്കൾക്കും കുട്ടികളുമായി ബന്ധപ്പെട്ട ആർക്കും ഈ നമ്പരിലേക്ക് വിളിക്കാം. 24 മണിക്കൂറും സേവനം ലഭ്യമാകും. ഹെൽപ്പ് ലൈൻ: 9497900200.
പ്രധാനം സ്ക്രീൻ സമയം
ഡോ. അരുൺ ബി നായർ, (സൈക്യാട്രിസ്റ്റ്, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം)
അമിത ഇന്റർനെറ്റ് ഉപയോഗം കുട്ടികളിലും മുതിർന്നവരിലും മാനസികവും ആരോഗ്യവും വൈകാരികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യപരമായ സ്ക്രീൻ ടൈം ഓരോ പ്രായത്തിനും വ്യത്യസ്തമാണ്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്ക്രീൻ ടൈം ഒട്ടും പാടില്ലെന്നാണ് പഠ
നം. മൂന്നുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് ഒരുമണിക്കൂറാണ്. എട്ടു വയസ്സ് മുതൽ തലച്ചോറിന്റെ വളർച്ച പൂർത്തിയാകുന്നതുവരെയുള്ള വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടുമണിക്കൂറും. ആഴ്ചയിൽ പ്രവൃത്തി ദിവസമായ അഞ്ചു ദിവസത്തെ കാര്യമാണിത്. അവധി ദിവസം ചെറിയ മാറ്റമാകാം. രാത്രി 10ന് മുമ്പ് ഇന്റർനെറ്റ് ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്.
വിടരും ചിരി
പി വിജയൻ, ഐജി
(സോഷ്യൽ പൊലീസിങ് ഡയറക്ടർ)
കുട്ടികളുടെ മാനസികസംഘർഷങ്ങൾ ലഘൂകരിക്കാനാണ് സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റ് ചിരി ഹെൽപ്പ്ലൈൻ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി നിർദേശിച്ചത്. തിരുവനന്തപുരം കാപ് (ചിൽഡ്രൺ ആൻഡ് പൊലീസ്)ഹൗസിലാണ് ഹെൽപ്പ് ഡെസ്ക്. യുനിസെഫിന്റെ സഹായ
ത്തോടെ സെെക്കോളജിസ്റ്റിന്റെ സേവനമുണ്ട്. ‘ചിരി’യിലേക്ക് ലഭിക്കുന്ന കോളുകൾ അതിലെ പ്രശ്നങ്ങൾ അനുസരിച്ച് ബന്ധപ്പെട്ടവർക്ക് കെെമാറും. ഇവ പിന്നീട് ഫോളോഅപ്പ് ചെയ്യും. പത്തിലോ പന്ത്രണ്ടിലോ പരാജയപ്പെടുകയോ, പഠനകാലയളവിൽ കൊഴിഞ്ഞുപോകുകയോ ചെയ്തവർക്ക് തുടർപഠനത്തിനായി ‘ഹോപ്പു’മുണ്ട്. നിലവിൽ രണ്ടായിരത്തിലേറെ കുട്ടികൾ രജിസ്റ്റർ ചെയ്തിരിക്കുന്നു.
ക്യാമ്പയിൻ ഉടൻ
കെ അൻവർ സാദത്ത്
(സിഇഒ, കൈറ്റ് )
കേരളത്തിൽ ഡിജിറ്റൽ ഇടപെടൽ കോവിഡ് കാരണം ഒരുപാട് മുന്നോട്ടുപോയി എന്നാണ് കരുതപ്പെടുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റ് സ്കൂളുകൾക്ക് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറപ്പെടുവിച്ചിട്ടുണ്ട്. പരിശീലനവും ബോധവൽക്കരണവും നൽകും. വിപുലമായ ക്യാമ്പയിൻ ഉടൻ ആരംഭിക്കും.
Credits Kerala || Deshabhimani Online News https://ift.tt/33l45ZQ
Comments