യുപിയിൽ രാജിവച്ച നേതാക്കൾ എസ്‌പിയിൽ
ന്യൂഡൽഹി
ഉത്തർപ്രദേശിൽ ബിജെപിയിൽനിന്ന് രാജിവച്ച നേതാക്കൾ സമാജ്വാദി പാർടിയിൽ ചേർന്നു. മുൻ മന്ത്രിമാരായ സ്വാമി പ്രസാദ്, ധരംസിങ് സൈനി, എംഎൽഎ സ്ഥാനം രാജിവച്ച റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശക്യ, ഭഗവതി സാഗർ എന്നിവരാണ് എസ്പിയിൽ ചേർന്നത്.
വെർച്വൽ റാലിയാണ് പ്രഖ്യാപിച്ചതെങ്കിലും ലഖ്നൗവിൽ ആയിരങ്ങൾ തെരുവിലെത്തി. എസ്പി സഖ്യം വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. യുപിയിൽ 80 ശതമാനം പേരും ബിജെപിയെ പിന്തുണയ്ക്കുന്നെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണക്ക് പഠിക്കാൻ അധ്യാപകനെ തേടണം. ബിജെപിക്ക് മൂന്നോ നാലോ സീറ്റാണ് കിട്ടുകയെന്ന് അഖിലേഷ് പറഞ്ഞു.

യുപി തെരഞ്ഞെടുപ്പ് ബിജെപിയുടെ അന്ത്യത്തിന് തുടക്കംകുറിക്കുമെന്ന് സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. മന്ത്രിമാരോടും എംഎൽഎമാരോടും സംസാരിക്കാൻ സമയമില്ലാത്ത മുതിർന്ന ബിജെപി നേതാക്കൾക്ക് ഇപ്പോൾ ഉറക്കമില്ലെന്ന് സ്വാമി പ്രസാദ് പരിഹസിച്ചു. എൻഡിഎ സഖ്യകക്ഷി അപ്നാദൾ എംഎൽഎ അമർ സിങ്ങും രാജിവച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുത്തവരുടെ പേരിൽ പൊലീസ് കേസെടുത്തു.
Credits National || Deshabhimani Online News https://ift.tt/3Gu83hF
Comments