നടുറോഡിൽ പ്രാർഥന, അക്രമസമരങ്ങൾ; എന്നിട്ടും ഗെയിൽ പൂർത്തിയായി
മുക്കം (കോഴിക്കോട്)
പ്രതിഷേധം, റോഡ് തടയൽ, ടയർ കത്തിക്കൽ, നടുറോഡിൽ നിസ്കാരം, ഹർത്താൽ... മുക്കത്തിനടുത്ത് എരഞ്ഞിമാവിലെ സമരവും അക്രമങ്ങളും നാട് മറന്നിട്ടില്ല. കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം എത്തിക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)യുടെ വാതകപൈപ്പ്ലൈൻ പദ്ധതിക്കെതിരെ നാലുവർഷം മുമ്പായിരുന്നു അക്രമസമരം. ഭൂമിക്കടിയിൽ ‘പാചകവാതക ബോംബാണ്’ സ്ഥാപിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കോഴിക്കോട്–-മലപ്പുറം അതിർത്തിഗ്രാമങ്ങളിലെ പടപ്പുറപ്പാട്.
യുഡിഎഫ്–-ജമാഅത്തെ ഇസ്ലാമി–എസ്ഡിപിഐ നേതൃത്വത്തിൽ 2017 നവംബർ ഒന്നിന് എരഞ്ഞിമാവിനെ കലുഷിതമാക്കി സമരം അക്രമത്തിലേക്ക് നീങ്ങി. റോഡിൽ നിസ്കരിച്ച് മത–-തീവ്രവാദശക്തികൾ ജനങ്ങളെ ഇളക്കിവിട്ടു. രണ്ട് കെഎസ്ആർടിസി ബസ്സടക്കം എട്ട് വാഹനങ്ങൾ തകർത്തു. പൊലീസിനെയും ആക്രമിച്ചു. പൈപ്പിടുന്നത് തടയാൻ കോൺഗ്രസ്–-മുസ്ലിംലീഗ് നേതാക്കളൊന്നാകെ രംഗത്തിറങ്ങി. മലപ്പുറത്തെ കോട്ടക്കൽ, ഇന്ത്യനൂർ കേന്ദ്രീകരിച്ചും അക്രമങ്ങളുണ്ടായി. ഇത് ദിവസങ്ങളോളം നീണ്ടു.
ഗെയിലിനുമാത്രം രണ്ടുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. വീട് നഷ്ടമാകും, കൃഷി ചെയ്യാനാകില്ല, ഭൂമിക്കടിയിൽ ബോംബാണ് എന്നെല്ലാമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ ഒരൊറ്റ വീടും ഇവിടെ പൊളിച്ചില്ല. പൈപ്പ് പോകുന്നതിനോടുചേർന്ന് വീട്ടുവളപ്പുകളിലടക്കം കൃഷിയും സജീവം.
സമരക്കാരും ഭൂമി നൽകി, നഷ്ടപരിഹാരം *81.4 കോടി
മതതീവ്രവാദശക്തികളുടെ പ്രചാരണത്തിൽ കുടുങ്ങി പദ്ധതിയെ എതിർത്തവരെല്ലാം പിന്നീട് പിൻവലിഞ്ഞു. സമരത്തിൽ പങ്കെടുത്തവരടക്കം നഷ്ടപരിഹാരം വാങ്ങി ഗെയിലിന് ഭൂമി കൈമാറി. ഇന്നിപ്പോൾ എരഞ്ഞിമാവ്, കീഴ്പറമ്പ് തുടങ്ങി കോഴിക്കോട്–-മലപ്പുറം ജില്ലയിലാകെ 148 കിലോമീറ്ററിൽ പൈപ്പിട്ടു. മുക്കത്തും പരിസരത്തും മാത്രം 564 പേർ ഭൂമി കൈമാറി. ഇവർക്ക് നഷ്ടപരിഹാരമായി 81.4 കോടി രൂപ നൽകിയതായി ഗെയിൽ ജിഎം എം വിജു പറഞ്ഞു. വീടുകളിൽ പാചകവാതകമെത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്.
ഭൂമി ഏറ്റെടുക്കൽ
കേന്ദ്ര അനുമതിക്കുശേഷം
കേന്ദ്രസർക്കാരിന്റെയും റെയിൽവേ ബോർഡിന്റെയും അനുമതി ലഭിച്ചശേഷമേ സിൽവർലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുകയുള്ളൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭപ്രവർത്തനങ്ങളാണെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അന്തിമാനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ച് കോട്ടയം മുളകുളം പെരുവ സ്വദേശി എം ടി തോമസ് സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
പദ്ധതിക്ക് തത്വത്തിൽ അനുമതിയുള്ളതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാതപഠനം. പദ്ധതിക്ക് പണം കണ്ടെത്തുന്നത് പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. സാമൂഹികാഘാതപഠനം നടത്തുന്നതിനും വിദഗ്ധസമിതി രൂപീകരണത്തിനും
കഴിഞ്ഞ ആഗസ്തിൽ അനുമതി ലഭിച്ചിരുന്നു. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് സർക്കാർ വൻകിട പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമാണ് പ്രാരംഭനടപടികൾ. നഷ്ടപരിഹാരം നൽകിയും പുനരധിവാസം ഉറപ്പാക്കിയും സ്ഥലം ഏറ്റെടുക്കാൻ എറണാകുളം കേന്ദ്രമാക്കി ഡെപ്യൂട്ടി കലക്ടറെയും മറ്റു പതിനൊന്ന് ഭൂമി ഏറ്റെടുക്കൽ പ്രത്യേക തഹസിൽദാർമാരെയും നിയമിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാൻ സ്ഥലം തിരിച്ചറിയുന്നതിനാണ് സർവേക്കല്ലുകൾ സ്ഥാപിച്ചത്. സർക്കാർ നടപടികളിൽ കോടതി നേരത്തേ ഇടപെട്ടിരുന്നില്ല. അതിനാൽ നടപടി സ്വീകരിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/338cGzf
Comments