കൂട്ടിക്കലിന്‌ തണലൊരുക്കി സിപിഐ എം ; നിർമിച്ചു നൽകുന്നത്‌ 25 വീടുകൾ


ഏന്തയാർ (കോട്ടയം)
കുത്തിയൊലിച്ചുവന്ന ദുരന്തങ്ങളിൽ ജീവനൊഴികെ എല്ലാം നഷ്ടമായി വിറങ്ങലിച്ചുനിന്ന കൂട്ടിക്കലുകാർക്ക് വീണ്ടും വീടിന്റെ അടച്ചുറപ്പൊരുങ്ങുന്നു. കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമിക്കുന്ന വീടുകൾക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിട്ടു. ഏന്തയാറിൽ ഇ എം എസ് നഗറിൽ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി വില കൊടുത്ത് വാങ്ങിയ രണ്ടേക്കർ 10 സെന്റിലാണ് 25 വീടുകൾ നിർമിക്കുന്നത്.

ജില്ലയിലെ പാർടി അംഗങ്ങൾ, വർഗബഹുജന സംഘടനകൾ എന്നിവരിൽ നിന്ന് പണം സമാഹരിച്ചാണ് വീട് നിർമാണം. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി കൂട്ടിക്കലും പരിസരത്തും 23 ജീവൻ പൊലിഞ്ഞു. എണ്ണമറ്റ വീടുകൾ നശിച്ചു. ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ട ഏറ്റവും അർഹരായ 25 പേർക്കാണ് വീട് നൽകുക. വെള്ളാപ്പള്ളി ബ്രദേഴ്സിനാണ് നിർമാണച്ചുമതല.

ശിലാസ്ഥാപനത്തിന് ശേഷം ഏന്തയാറിൽ നടന്ന പൊതുസമ്മേളനത്തിൽ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, സഹകരണ മന്ത്രി വി എൻ വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ഷെമീം അഹമ്മദ് എന്നിവർ സംസാരിച്ചു.

കൂടുതൽ ജനങ്ങൾക്ക് എൽഡിഎഫ് 
സ്വീകാര്യമായി: കോടിയേരി
കൂടുതൽ ജനങ്ങൾക്ക് എൽഡിഎഫ് സ്വീകാര്യമായിരിക്കുകയാണെന്നും ഇനിയും കൂടുതൽ സ്വീകാര്യത മുന്നണിക്കുണ്ടാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉരുൾപൊട്ടൽ നാശം വിതച്ച കൂട്ടിക്കലിൽ സിപിഐ എം നിർമിച്ചു നൽകുന്ന 25 വീടുകൾക്ക് കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് എം അടക്കമുള്ളവർ ഇന്ന് മുന്നണിയിലുണ്ട്. മറ്റ് പാർടികളിൽ പ്രവർത്തിച്ചിരുന്ന പല പ്രധാന നേതാക്കളും സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാനും തയ്യാറാകുന്നു.

ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ് എൽഡിഎഫ് ഏറ്റെടുക്കുന്നത്. കെ റെയിൽ പോലുള്ള വികസന പദ്ധതികൾ വിജയകരമായി നടപ്പാക്കും. എൽഡിഎഫ് പറയുന്ന എല്ലാ വികസന കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും. വികസന പദ്ധതികൾക്ക് ജനപങ്കാളിത്തം ഉറപ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ജനങ്ങൾ സർക്കാരിന് പിന്നിൽ അണിനിരക്കുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫിനോ ബിജെപിക്കോ പ്രസക്തിയില്ല. ഇത് മനസ്സിലാക്കി കേരളത്തെ കലാപഭൂമിയാക്കി വികസനം തടയാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. അത് നടക്കില്ല. പാർടിയുടെ ഉശിരരായ പ്രവർത്തകരെ അവർക്ക് കൊന്നുതള്ളാനാകും. എന്നാൽ സിപിഐ എമ്മിനെ തോൽപിക്കാനാവില്ല. ജനങ്ങളെ അണിനിരത്തി കൊലയാളികളെ ഒറ്റപ്പെടുത്തും. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ പാർടി ഏറ്റെടുക്കും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഏറ്റെടുക്കാനാകണം. കൂട്ടിക്കലിൽ പാർടി വാങ്ങിയ സ്ഥലത്ത് 25 വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. കൈയിൽ പണം വച്ചിട്ടല്ല ഇങ്ങനെയുള്ള തീരുമാനങ്ങളെടുക്കുന്നത്. ഞങ്ങൾക്ക് ജനങ്ങളെ വിശ്വാസമാണ്. അവർക്ക് പാർടിയെയും. അതുകൊണ്ടാണ് ജനങ്ങൾ സാമ്പത്തികമായി സഹായിക്കുന്നത്. മറ്റുപലരും കോർപറേറ്റുകളുടെ സഹായത്താലാണ് സമാനമായ ചില കാര്യങ്ങൾ ചെയ്യുന്നത്. ജനങ്ങളുടെ ദുഃഖത്തിലും സന്തോഷത്തിലും അവർക്കൊപ്പം പാർടിയുണ്ടാകും. സാന്ത്വന പരിചരണവും പാർടി പ്രവർത്തനത്തിന്റെ ഭാഗമാക്കണം.

കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടാണ് നാട് മുന്നോട്ടു പോകേണ്ടത്. ഇക്കാര്യത്തിൽ പ്രത്യേകമായ പ്രാധാന്യം കൊടുത്ത് സിപിഐ എം ഇടപെടണമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/OEvMiug

Comments

Archive

Contact Form

Send