മുഖ്യധാരാ മാധ്യമങ്ങൾ നുണ ഫാക്ടറികൾ: ബൃന്ദ കാരാട്ട്


കണ്ണൂർ
കേന്ദ്രസർക്കാർ സമ്മർദത്തിന് കീഴ്പ്പെട്ട് മുഖ്യധാരാ മാധ്യമങ്ങൾ സത്യം മൂടിവയ്ക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. നുണവാർത്ത ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായും മാധ്യമങ്ങൾ മാറിയതായി അവർ വ്യക്തമാക്കി. സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ യു ട്യൂബ് ചാനൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.

ബിജെപിയുടെയും ആർഎസ്എസിന്റെയും ഭരണഘടനാവിരുദ്ധ, ജനാധിപത്യ വിരുദ്ധ പ്രവർത്തനത്തിനെതിരെയാണ് സിപിഐ എം പോരാട്ടം. ഐതിഹാസിക കർഷകസമരത്തിനുമുന്നിൽ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവന്നു. പൗരത്വനിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധമുണ്ടായി. ആ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച ഏകസംസ്ഥാനം കേരളമാണെന്നതിൽ അഭിമാനിക്കാം.
ആർഎസ്എസ് മനുവാദത്തിന്റെ സാമൂഹ്യ ആഘാതമാണ് ഹിജാബ് സംഭവം. കോർപറേറ്റ് വർഗീയ അജൻഡക്കുപുറമേ ഇന്ത്യയെ വിൽക്കാനാണ് ശ്രമം. ഇവിടെയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ പ്രവർത്തനം മാതൃകയാകുന്നത്.

പാർടിയെ ശക്തിപ്പെടുത്തുക, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നതാണ് പാർടികോൺഗ്രസ് ഉത്തരവാദിത്വം. സമൂഹത്തിന്റെ ഉന്നമനത്തിനായി പാർടിയും പ്രവർത്തകരും ചെയ്ത ത്യാഗങ്ങളും ഇടതുപഷബദൽ വികസന കാഴ്ചപ്പാടും ലോകത്തിനു മുന്നിലെത്തിക്കാൻ യൂട്യൂബ് ചാനലിനാകുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സംഘാടകസമിതി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ എംപി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ഹരീന്ദ്രൻ, എൻ സുകന്യ, നവമാധ്യമ കമ്മിറ്റി കൺവീനർ പി സന്തോഷ് എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/lDO4GkR

Comments

Archive

Contact Form

Send