വർഷം രണ്ടായി, ഒന്നിച്ചെത്തി എല്ലാരും
കൊച്ചി
ഇരുപത്തിമൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം വിദ്യാര്‍ഥികള്‍ ഒന്നാകെ സ്കൂളിലേക്കെത്തി. കോവിഡ് സാഹചര്യത്തില്‍ കൂട്ടംകൂടി നടക്കാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പങ്കുവയ്ക്കാനോ അനുവാദമില്ലെങ്കിലും നീണ്ട ഇടവേളയ്ക്കുശേഷം ക്ലാസില്‍ ഒരുമിച്ചെത്താനായതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. നവംബറില്‍ സ്കൂള്‍ തുറന്നതുമുതല്‍ ബാച്ച് അനുസരിച്ച് ഉച്ചവരെയായിരുന്നു ക്ലാസ്. അതുകൊണ്ടുതന്നെ ഉച്ചകഴിഞ്ഞതോടെ ഭൂരിഭാഗം കുട്ടികള്‍ക്കും ഉറക്കം വില്ലനായി. ഈ സാഹചര്യത്തെ മറികടക്കാനാകുന്ന പഠനരീതിയാണ് അധ്യാപകര്‍ അവലംബിച്ചത്. രസകരമായ അവതരണത്തിലൂടെയും ചോദ്യങ്ങളിലൂടെയും കുട്ടികളെ പാഠഭാഗത്തോട് അടുപ്പിച്ചുനിര്‍ത്താന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു.
ജില്ലയില്‍ ഒന്നുമുതല്‍ പത്താംക്ലാസുവരെ 2,66,988 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 31,799 കുട്ടികളും വിഎച്ച്എസ്ഇയിൽ 2965 കുട്ടികളും പഠിക്കുന്നുണ്ട്. ഇതില്‍ രോഗബാധിതരും രോഗലക്ഷണമുള്ളവരും സമ്പർക്കമുള്ളവരും ഒഴികെയുള്ളവർ സ്കൂളുകളിലെത്തി. പത്താംക്ലാസുവരെ 2.20 ലക്ഷം കുട്ടികൾ ഹാജരായി.
പൊതുവിദ്യാലയങ്ങളിലെ 250 കുട്ടികളും 100 അധ്യാപകരും കോവിഡ് ബാധിതരാണ്. നിലവിൽ കോവിഡ് ക്ലസ്റ്ററായ സ്കൂളുകള്‍ ജില്ലയിലില്ല. രണ്ട് അൺ എയ്ഡഡ് സ്കൂൾ ഒഴികെ ബാക്കിയുള്ളവ വൈകിട്ടുവരെ പ്രവര്‍ത്തിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 15നും 18നും ഇടയിൽ പ്രായമുള്ള 86 ശതമാനം കുട്ടികളും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. നൂറിൽ താഴെ അധ്യാപകർ ജില്ലയിൽ വാക്സിൻ സ്വീകരിക്കാനുണ്ട്.
ദിവസവും ക്ലാസ്മുറികൾ അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങള്‍ സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നുണ്ട്. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ കരുതൽശേഖരവും ഒരുക്കി. ശനി, ഞായർ ദിവസങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, യുവജനങ്ങൾ, വിവിധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ശുചീകരണയജ്ഞം സംഘടിപ്പിച്ചിരുന്നു. ഈ മാസവും അടുത്തമാസവും പൊതു അവധിദിവസങ്ങൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കും.
Credits Kerala || Deshabhimani Online News https://ift.tt/wlnOh7r
Comments