പിടിക്കാൻ പുതുചേരി; കളമൊഴിഞ്ഞ് എ ഗ്രൂപ്പ് ; കെപിസിസി നേതൃയോഗത്തിലും സഖ്യത്തിന്റെ പ്രതിഫലനം
തിരുവനന്തപുരം
കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രമേശ് ചെന്നിത്തലയുമായി കൈകോർത്തുള്ള പുതിയ സഖ്യം ശക്തിയാർജിക്കുന്നു. കേരളത്തിലേക്ക് ‘എൻട്രി ’ നോക്കിനിൽക്കുന്ന കെ സി വേണുഗോപാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചേർന്ന് നടത്തുന്ന നീക്കങ്ങൾ തടയലാണ് ലക്ഷ്യം. പരസ്പരബന്ധത്തെക്കുറിച്ച് ഇരുവരും കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചതും ഇത് മുന്നിൽക്കണ്ടാണ്. കെപിസിസി നേതൃയോഗത്തിലും സഖ്യത്തിന്റെ പ്രതിഫലനമുണ്ടായി.
സുധാകരനെ പതിയെ ഒഴിവാക്കി കേരളത്തിൽ പിടിമുറുക്കാനുള്ള കരുക്കളാണ് സതീശൻവഴി വേണുഗോപാൽ നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ അർധരാത്രിയിൽ ഗ്രൂപ്പ് യോഗം ചേർന്നതും ഇതിനാണ്. അത് കൈയോടെ പിടിക്കാനായിരുന്നു സുധാകരന്റെ ‘ റെയ്ഡ് ’. ഒറ്റക്കെട്ടായിരുന്ന സുധാകരനും സതീശനും തമ്മിലുള്ള അകൽച്ച ഇതോടെ പരിപൂർണമായി. ‘മറ്റാർക്കും വിവരമില്ലെന്ന തരം പ്രതികരണമാണ് സതീശന്റേത്, ആ കളിയൊന്നും വേണ്ട ’ സുധാകരൻ തുറന്നടിച്ചത് ഈ പശ്ചാത്തലത്തിലാണ്.
കോൺഗ്രസിൽ സുധാകരൻ പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ നടപ്പാക്കാൻ കഴിയാത്തതിലും കളിയുണ്ട്. വേണുഗോപാലിന്റെ ‘ വക്താവാ’യ താരിഖ് അൻവർതന്നെ സെമികേഡർ തള്ളി. സ്ഥിരം പ്രവർത്തകർക്ക് അലവൻസ്, കടുത്ത അച്ചടക്ക നടപടികൾ, കൺട്രോൾ കമീഷൻ, വേദികളിൽ നിശ്ചയിച്ച ആളുകൾമാത്രം തുടങ്ങി ഒന്നിനോടും കാര്യമായ പ്രതികരണമുണ്ടായില്ല. സുധാകരന്റെ അക്രമ സ്വഭാവം ദോഷം ചെയ്യുമെന്ന പ്രചാരണവും മറുവിഭാഗം ശക്തമാക്കി.
കേരളത്തിലുടനീളമുള്ള പ്രവർത്തകരുമായി ചെന്നിത്തലയ്ക്കുള്ള ബന്ധം സതീശനും കൂട്ടർക്കുമില്ല. അത് മുതലെടുത്ത് ചെന്നിത്തലയുമായുള്ള സഖ്യത്തിലൂടെ തിരിച്ചടിക്കൊരുങ്ങുകയാണ് സുധാകരൻ. ഓടിനടന്ന് ഗ്രൂപ്പ് സംഘടിപ്പിക്കാൻ കഴിയാത്തതും പിൻഗാമികളിലെ തർക്കവും ഉമ്മൻചാണ്ടി നയിച്ച എ ഗ്രൂപ്പിനെ നിർജീവമാക്കി. അതിനാൽ പുതിയ ചേരിതിരിവിൽ എ ഗ്രൂപ്പ് കളത്തിന് പുറത്തായി.
Credits Kerala || Deshabhimani Online News https://ift.tt/otBrEYR
Comments