ബംഗാളിൽ വിദ്യാർഥി നേതാവിന്റെ കൊലപാതകം; പ്രതിഷേധം പടരുന്നു
കൊൽക്കത്ത
ബംഗാളിലെ ഹൗറ ജില്ലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ സജീവമായിരുന്ന വിദ്യാർഥി നേതാവ് അനീഷ് ഖാന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായി. അംതയിലെ സ്വന്തം വീടിനുസമീപത്താണ് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്.
അലിയ സർവകലാശാല മുൻ വിദ്യാർഥിയും ഇന്ത്യൻ സെക്യുലർ ഫ്രണ്ട് പ്രവർത്തകനുമായിരുന്നു അനീഷ് ഖാൻ. അർധരാത്രിയിൽ പൊലീസ് യൂണിഫോമിലെത്തിയ നാലുപേർ വിളിച്ചുകൊണ്ടുപോവുകയും തുടർന്ന് മൂന്നുനില കെട്ടിടത്തിനു മുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് അനീഷിന്റെ അച്ഛൻ സലാം ഖാൻ പറഞ്ഞു. അംത സ്റ്റേഷനിൽനിന്നാണെന്ന് അവകാശപ്പെട്ടാണ് ഇവരെത്തിയത്. എന്നാൽ, അത്തരത്തിൽ ആരും പോയിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.
പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. അംത സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് ലാത്തിവീശി. കൊൽക്കത്തയിലും പ്രതിഷേധം സംഘടിപ്പിച്ചു. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
സിപിഐ എം രാജ്യസഭാഗം വികാസ് രഞ്ജൻ ഭട്ടാചാര്യ അനീഷിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/fNdPG9K
Comments