കേന്ദ്ര സർവകലാശാല നിയമനം : സുരേന്ദ്രൻ കോഴ വാങ്ങിയെന്ന്‌ ബിജെപി നേതാക്കൾ


കാസർകോട്
കേന്ദ്ര സർവകലാശാല നിയമനങ്ങളിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വൻ തുക കോഴ വാങ്ങിയെന്ന് കാസർകോട്ടെ ബിജെപി നേതാക്കൾ. പണം നൽകിയിട്ടും നിയമനം ലഭിക്കാത്തവർ ജില്ലാ പ്രസിഡന്റ് രവീശതന്ത്രിക്ക് പരാതി നൽകിയെന്നും ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച പി രമേശനുൾപ്പെടെ ഒരു വിഭാഗം നേതാക്കൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.

കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പാർടി നിലപാടിനെതിരെ പ്രവർത്തിച്ച നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത് സുരേന്ദ്രന്റെ കോഴ ഇടപാട് ഇവർ പുറത്തുവിടുമെന്ന് ഭയന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗമായിരുന്ന പി സുരേഷ്കുമാർ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായിരുന്ന കെ മണികണ്ഠറൈ എന്നിവർക്കെതിരെയും നടപടിയെടുക്കണം. അല്ലെങ്കിൽ സംസ്ഥാന നേതാക്കളെ കാസർകോടെത്തിയാൽ തടയുമെന്നും രമേശൻ പറഞ്ഞു. കാസർകോട് മണ്ഡലം സെക്രട്ടറി കെ ശങ്കരൻ, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച ലോകേഷ് നോണ്ട എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളി
കുമ്പളയിൽ കൊല്ലപ്പെട്ട രണ്ടുപേരുടെ ബന്ധുക്കളെ പങ്കെടുപ്പിച്ചുള്ള ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായി. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതും ഒരാൾ ആത്മഹത്യ ചെയ്തതുമാണ് തമ്മിലടി രൂക്ഷമാക്കിയത്. 
 ക്രിമിനൽ പ്രവർത്തനങ്ങൾക്കായി പോറ്റിവളർത്തിയവർ പാർടിനേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുമ്പോഴും തിരിച്ചൊന്നും പറയാനാവുന്നില്ല. കുമ്പള പഞ്ചായത്തിലെ പ്രശ്നത്തിൽ ബിജെപി അംഗങ്ങൾ എല്ലാവരും സ്റ്റാൻഡിങ് കമ്മിറ്റി അംഗത്വം രാജിവച്ചിട്ടും നിലപാട് മാറ്റില്ലെന്ന നേതാക്കളുടെ പരസ്യപ്രഖ്യാപനം കടുത്ത വിഭാഗീയത വ്യക്തമാക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/RUiWPur

Comments

Archive

Contact Form

Send