പോളിയോൾ പദ്ധതി 
മുടങ്ങരുത്‌ ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു


തിരുവനന്തപുരം
കൊച്ചിയിൽ ബിപിസിഎൽ വിപുലീകരണത്തിനായി നിർദേശിച്ച പോളിയോൾ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകാൻ ബിപിസിഎൽ അധികൃതരോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. "മെയ്ക്ക് ഇൻ ഇന്ത്യ’ക്കു കീഴിൽ വിഭാവനംചെയ്ത കൊച്ചിയിലെ അഭിമാനകരമായ പദ്ധതിക്ക് 2020 ജനുവരി 27-ന് പ്രധാനമന്ത്രിതന്നെയാണ് കല്ലിട്ടത്.

കേന്ദ്ര സർക്കാരിന്റെ മുൻകൈയിൽ കൊച്ചി ഫാക്ട് അമ്പലമുകളിൽ 481 ഏക്കറിൽ 977 കോടി രൂപ ചെലവിൽ പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ക്രിയാത്മക നടപടി സ്വീകരിച്ചു. 9500 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതും 10,000 പേർക്ക് തൊഴിൽ സൃഷ്ടിക്കുന്നതുമായ പദ്ധതിയാണ് ഇത്.

പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതിനകം 170 ഏക്കർ കമ്പനിക്ക് അനുവദിച്ചു. പെട്രോ കെമിക്കൽ പാർക്കിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 200 കോടി രൂപ ചെലവാക്കുകയും ചെയ്തു. ഭൂമി, അടിസ്ഥാന സൗകര്യ വികസനം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ കാര്യത്തിൽ സംസ്ഥാനം ഗണ്യമായ നിക്ഷേപം നടത്തിയതിനാൽ നിർദിഷ്ട പോളിയോൾ പദ്ധതി നിർത്തലാക്കുന്നത് കേരളത്തിന് കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/Kc7Hda4

Comments

Archive

Contact Form

Send