ഉയരും നവകേരളം ; സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം


കൊച്ചി
ഇതാ വീണ്ടുമൊരു ചരിത്രമുഹൂർത്തം. നിർണായക മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കൊച്ചിയിൽ ചൊവ്വാഴ്ച തുടങ്ങുന്ന സിപിഐ എം സംസ്ഥാന സമ്മേളനം നവകേരളത്തിന്റെ ദിശാസൂചകമായി മാറും.

രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ചെങ്കൊടി ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. നവോത്ഥാനപോരാട്ടത്തിന്റെ ഭാഗമായ കായൽ സമ്മേളനത്തിന്റെ സ്മരണകളിരമ്പുന്ന മറൈൻഡ്രൈവിലെ ബി രാഘവൻ നഗറിലാണ് നാലുദിവസത്തെ സമ്മേളനം. 23–-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരും പങ്കെടുക്കും. പ്രതിനിധി സമ്മേളനം രാവിലെ 10.30ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

നാലുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം നവകേരളനിർമിതിക്കായുള്ള നയരേഖയും സമ്മേളനം ചർച്ച ചെയ്യും. ഭാവി കേരളത്തിന്റെ വികസനത്തിനുള്ള കർമപരിപാടികൾക്ക് പുതിയ കാഴ്ചപ്പാട് നൽകാനുള്ള നയരേഖ ചൊവ്വ വൈകിട്ട് നാലിന് പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. കേരളത്തിന്റെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ് സമ്മേളനത്തിൽ വികസനരേഖ അവതരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാർടിയുടെ 1956ലെ സമ്മേളനത്തിലാണ് ആദ്യമായി വികസനരേഖ അവതരിപ്പിച്ചത്. ഭാവികേരളത്തിന്റെ വികസനകാഴ്ചപ്പാടുകൾ സംബന്ധിച്ച പ്രമേയമായിരുന്നു 1957ലെ ഒന്നാം ഇ എം എസ് സർക്കാർ തുടക്കംകുറിച്ച കേരളവികസനപദ്ധതികളുടെ അടിസ്ഥാനം. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.

റെഡ് സല്യൂട്ട് സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വാഗതസംഘം ചെയർമാൻ പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. ഫോട്ടോ: ജി പ്രമോദ്

റെഡ് സല്യൂട്ട് സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വാഗതസംഘം ചെയർമാൻ പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. ഫോട്ടോ: ജി പ്രമോദ്


1964ൽ സിപിഐ എം രൂപീകരണത്തിലേക്കു നയിച്ച പ്രത്യേക കൺവൻഷനും 1968ൽ എട്ടാം പാർടി കോൺഗ്രസും പ്ലീനവും നടന്ന കൊച്ചി നഗരം, 37 വർഷത്തിനുശേഷമാണ് സമ്മേളനത്തിന് വേദിയാകുന്നത്. രജിസ്ട്രേഷൻ ഒമ്പതിന് തുടങ്ങും. പതാക ഉയർത്തലിനും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷം പ്രസീഡിയത്തെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുക്കും. തുടർന്ന് രക്തസാക്ഷിപ്രമേയവും അനുശോചനപ്രമേയവും അവതരിപ്പിക്കും. 12.15ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 5.30ന് ഗ്രൂപ്പുചർച്ച തുടങ്ങും. ബുധൻ രാവിലെമുതൽ പൊതുചർച്ച തുടരും. വികസന നയരേഖയെക്കുറിച്ചുള്ള ചർച്ച വ്യാഴാഴ്ചയാണ്. തുടർന്ന് ചർച്ചകൾക്ക് മറുപടി. സമാപനദിവസമായ വെള്ളി രാവിലെ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാർടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് അഞ്ചിന് മറൈൻഡ്രൈവിലെ ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സമ്മേളനം 
കോവിഡ് 
സുരക്ഷയിൽ
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നെങ്കിലും സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിൽ മാനദണ്ഡം ശക്തം. സമ്മേളനഹാൾമുതൽ എല്ലായിടത്തും നിയന്ത്രണങ്ങളുണ്ട്. നിശ്ചിത അകലത്തിലാണ് പ്രതിനിധികൾക്കുള്ള ഇരിപ്പിടങ്ങൾ.
എല്ലായിടവും ആധുനികരീതിയിൽ അണുവിമുക്തമാക്കി. അൾട്രാ വയലറ്റ് രശ്മിയിൽ അണുനശീകരണം സാധ്യമാകുന്ന ഇൻഡക്ട് എയർ ഡിസ് ഇൻഫെക്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. എയർകണ്ടീഷണറിലായിരിക്കും ഇത് ഘടിപ്പിക്കുക. വൈറസും ബാക്റ്റീരിയയും നിർജീവമാകും. ഭക്ഷണഹാളിൽ സ്റ്റാൻഡ് എലോൺ ഉപകരണമാണ് ഉപയോഗിക്കുന്നത്. സമ്മേളനഹാളിൽ ഇരുപതും ഭക്ഷണഹാളിൽ നാൽപ്പതും യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ജെ ജേക്കബ്ബിന്റെ നേതൃത്വത്തിലാണ് സിഎസ്ഐആർ അംഗീകാരത്തോടെ ഈ സംവിധാനം. ഹാളും പരിസരവും ദിവസവും അണുവിമുക്തമാക്കും.
പ്രതിനിധികൾക്ക് ചികിത്സയ്ക്ക് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി. രജിസ്ട്രേഷനൊപ്പം ഫോണിൽ ലഭിക്കുന്ന ആപ് ക്യുആർ കോഡിൽ ‘ടാപ്’ ചെയ്താൽ ആംബുലൻസും വൈദ്യസഹായവും മരുന്നുകളും എത്തും.

സ്ഥലത്ത് ഡോക്ടർമാരുടെ സേവനം, വെന്റിലേറ്റർ സൗകര്യത്തോടെ ആംബുലൻസ്, കിടത്തിച്ചികിത്സയ്ക്ക് സൗകര്യം, ഫിസിയോതെറാപ്പി കൗണ്ടർ എന്നിവയുമുണ്ട്. മരുന്നും ലഭ്യമാകും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും കനിവ് പാലിയേറ്റീവ് കെയറും ചേർന്നാണ് വൈദ്യസഹായം ഏർപ്പെടുത്തുന്നത്. ഹോമിയോ, ആയുർവേദ വിഭാഗങ്ങളുടെ സേവനവും ലഭ്യമാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/GMibO0p

Comments

Archive

Contact Form

Send