പെരുവണ്ണാമൂഴി ഡാമിലൂടെ സോളാർ ബോട്ടിൽ ചുറ്റാം


കോഴിക്കോട്
പെരുവണ്ണാമൂഴി റിസർവോയറിൽ ബോട്ടിൽ കറങ്ങാം, പ്രകൃതിമനോഹരമായ പക്ഷിക്കുന്നും സ്മാരകക്കുന്നും ചുറ്റി സഞ്ചരിക്കാം. വിനോദ സഞ്ചാരികളെ വരവേൽക്കാൻ രണ്ട് സോളാർ ബോട്ടുകൾ ഒരുങ്ങി. 14 കിലോമീറ്റർ ദൂരമുള്ള റിസർവോയറിലൂടെ ചക്കിട്ടപാറ സർവീസ് കോ–-ഓപ്പറേറ്റീവ് ബാങ്കാണ് സോളാർ ബോട്ട് ഇറക്കിയത്. ബോട്ട് സർവീസ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു.

50 ലക്ഷം രൂപ ചെലവിൽ രണ്ട് ബോട്ടുകളാണ് ഒരുക്കിയത്. ഒന്നിൽ 20 പേർക്കും മറ്റേതിൽ 10 പേർക്കും സഞ്ചരിക്കാം. അരമണിക്കൂറിൽ നാല് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാം. ഇതിനായി 150 രൂപ ഒരാൾ നൽകണം. കുട്ടികൾക്കായി പ്രത്യേക പാക്കേജ് ഒരുക്കും. എല്ലാ ദിവസവും രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച്വരെയാണ് പ്രവർത്തന സമയം.

ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയാണ് പെരുവണ്ണാമൂഴിയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ടി പി രാമകൃഷ്ണൻ എംഎൽഎ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് സോളാർ ബോട്ടിന്റെ നടത്തിപ്പ് ചുമതല.

14 കിലോമീറ്റർ നീളമുള്ള റിസർവോയർ 1103 ഹെക്ടറിലാണ് സ്ഥിതിചെയ്യുന്നത്. ദിനംപ്രതി അഞ്ഞൂറിനടുത്ത് വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്കെത്തുന്നത്. സോളാർ ബോട്ടിന്റെ വരവോടെ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ. പെരുവണ്ണാമൂഴിയെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിലാണ് ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കുള്ളത്. ഇതിന്റെ ഭാഗമായാണ് പ്രസിഡന്റ് പി പി രഘുനാഥിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സോളാർ ബോട്ട് സജ്ജമാക്കിത്. ബാങ്കിന്റെ പൊതുഫണ്ടുപയോഗിച്ചാണ് ബോട്ടുകൾ വാങ്ങിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/MDiubv7

Comments

Archive

Contact Form

Send