ഉക്രയ്‌ൻ യുദ്ധം : 168 വിദ്യാർഥികൾ 
ചാർട്ടേഡ്‌ വിമാനത്തിൽ കൊച്ചിയിലെത്തി


കൊച്ചി
ഉക്രയ്നിൽനിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾക്ക് സൗജന്യയാത്രയൊരുക്കി നോർക്ക റൂട്സ്. ബുധൻ വൈകിട്ട് നാലിന് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 168 വിദ്യാർഥികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 80 പെൺകുട്ടികളും 88 ആൺകുട്ടികളുമടങ്ങിയ സംഘവുമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക വിമാനം രാത്രി 8.20നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.

ഹംഗറിയിലെ ബുഡാപെസ്റ്റിലും പോളണ്ടിലും റൊമാനിയയിലുംനിന്ന് മൂന്ന് വിമാനങ്ങളിലായി എത്തിയ വിദ്യാർഥികൾക്കാണ് നോർക്ക റൂട്സ് കേരളത്തിലേക്ക് സൗജന്യ യാത്രയൊരുക്കിയത്. വിമാനത്താവളത്തിൽ വിദ്യാർഥികളെ സ്വീകരിക്കാൻ മന്ത്രിമാരായ പി രാജീവ്, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ തുടങ്ങിയവർ എത്തി. വിമാനത്താവളത്തിൽ വിദ്യാർഥികൾക്ക് ലഘുഭക്ഷണവും ആവശ്യക്കാർക്കായി വാഹനവും ഏർപ്പെടുത്തി.

ബുധനാഴ്ച ഏഴുവിമാനങ്ങളാണ് ഉക്രയ്നിൽനിന്ന് ഡൽഹിയിൽ എത്തിയത്. ചൊവ്വ രാത്രി എയർ ഇന്ത്യയുടെ വിമാനത്തിൽ എത്തിയ 37 വിദ്യാർഥികളിൽ 36 പേർക്ക് കേരള ഹൗസിലാണ് താമസം ഒരുക്കിയത്. പ്രവാസി മലയാളിയായ ഒരു വിദ്യാർഥി സ്വന്തംചെലവിൽ അബുദാബിക്ക് പോയി.

ഉക്രയ്നിൽ പഠിക്കാൻപോയ 3500 വിദ്യാർഥികളാണ് മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേർക്കുമാത്രമാണ് നോർക്ക രജിസ്ട്രേഷനുള്ളത്. രാജ്യത്തിന് പുറത്തുപോകുന്നവർ നോർക്ക രജിസ്ട്രേഷൻ പൂർത്തിയാക്കാതിരുന്നാൽ അവർ എവിടെയാണെന്ന് മനസ്സിലാക്കാനാകില്ല. ഇതൊഴിവാക്കാൻ എല്ലാവരും നോർക്കയിൽ രജിസ്റ്റർ ചെയ്യണമെന്നും പി ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് മൂന്ന് വിമാനങ്ങൾകൂടി
ഉക്രയ്നിൽനിന്നുള്ള മലയാളി വിദ്യാർഥികളുമായി മൂന്ന് വിമാനങ്ങൾകൂടി വ്യാഴാഴ്ച്ച നെടുമ്പാശേരിയിലെത്തും. എയർ ഏഷ്യ വിമാനങ്ങളാണ് ചാർട്ടർ ചെയ്തിരിക്കുന്നത്. പകൽ 12.45നും വൈകിട്ട് 6.45നും രാത്രി 9.50നുമാണ് വിമാനങ്ങൾ എത്തുന്നത്. ഇവയിൽ അഞ്ഞൂറോളം വിദ്യാർഥികൾക്ക് ജന്മനാട്ടിൽ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നോർക്ക അധികൃതർ അറിയിച്ചു. ഡൽഹി വഴിയാണ് വിമാനങ്ങൾ നെടുമ്പാശേരിയിൽ എത്തുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/Varb2ZW

Comments

Archive

Contact Form

Send