20 ലക്ഷം ഒപ്പുശേഖരിക്കും; എൽഐസി സംരക്ഷണ പ്രക്ഷോഭത്തിന് തുടക്കം
കൊച്ചി > എൽഐസിയെ സംരക്ഷിക്കാൻ വിശദീകരണയോഗങ്ങളും ഒപ്പുശേഖരണവും നടത്താൻ എൽഐസി സംരക്ഷണ സംസ്ഥാന സമരപ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു. കേരളത്തിലെ ലൈബ്രറികൾ അടക്കമുള്ള പൊതുകേന്ദ്രങ്ങളിൽ 10,000 വിശദീകരണ യോഗം സംഘടിപ്പിക്കും. മെയ് ഒന്നുമുതൽ ആരംഭിക്കുന്ന യോഗങ്ങളിൽ എൽഐസി സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിക്കുന്ന പോളിസി ഉടമകളുടെ ഒപ്പ് ശേഖരിക്കും. ആഗസ്തിനുള്ളിൽ 20 ലക്ഷംപേരുടെ ഒപ്പുകൾ ശേഖരിക്കും.
മറ്റ് സംസ്ഥാനങ്ങളിലെ ക്യാമ്പയിനുകളുമായി ഏകോപിപ്പിച്ച് ഒപ്പുകളുടെ ശേഖരം ഡൽഹിയിലേക്ക് ജാഥയായി കൊണ്ടുപോകും. ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് ഏപ്രിൽ രണ്ടാംവാരം സംസ്ഥാനതലത്തിലും തുടർന്നുള്ള രണ്ടാഴ്ച എല്ലാ ജില്ലകളിലും ശിൽപ്പശാല സംഘടിപ്പിക്കും.
ഡോ. ടി എം തോമസ് ഐസക് ചെയർമാനും പി പി കൃഷ്ണൻ ജനറൽ കൺവീനറുമായി 201 അംഗ എൽഐസി സംരക്ഷണസമിതി രൂപീകരിച്ചു.
എൽഐസിയെ സ്വകാര്യവൽക്കരിക്കുന്നതിന്റെ ആദ്യപടിയായി അഞ്ച് ശതമാനം ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തുന്നതിന്റെ തുടക്കമാണ് കൺവൻഷൻ. തൊഴിലാളികളും ജനങ്ങളും പോളിസി ഉടമകളും അണിനിരക്കുന്ന വിപുലമായ പ്രക്ഷോഭത്തിന്റെ തുടക്കത്തിനാണ് എറണാകുളം ടൗൺഹാൾ വേദിയായത്.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായി. പി ആർ മുരളീധരൻ സ്വാഗതവും പി പി കൃഷ്ണൻ നന്ദിയും പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, മേയർ എം അനിൽകുമാർ, എസ് ശർമ, എ സമ്പത്ത്, കെ എൻ ഗോപിനാഥ്, തമ്പാൻ തോമസ്, ജോൺ ഫെർണാണ്ടസ്, കെ എൻ ഗോപി, ശ്രീകാന്ത് മിശ്ര, സോണിയ ജോർജ്, പി ജി ദിലീപ്, ചാൾസ് ജോർജ്, ടി ബി മിനി തുടങ്ങിയവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/NsAwFYD
Comments