ബഹുജനസ്വാധീനം 
വർധിപ്പിക്കും: കോടിയേരി ബാലകൃഷ്‌ണൻ


കൊച്ചി
സിപിഐ എമ്മിന്റെ സ്വതന്ത്രവളർച്ചയും ബഹുജനസ്വാധീനവും വർധിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ 50 ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണയുള്ള പാർടിയാവുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഒന്നാമത്തെ പാർടിയാണ് സിപിഐ എം. എന്നാൽ, 50 ശതമാനത്തിലധികം വോട്ട് നേടാനായിട്ടില്ല. 2006ൽ 49 ശതമാനം വോട്ട് ലഭിച്ചു. ബഹുജനസ്വാധീനം വർധിപ്പിച്ച് ഭൂരിപക്ഷത്തിന്റെ പാർടിയായി സിപിഐ എമ്മിനെ മാറ്റണം– -കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശൂർ സമ്മേളനത്തിനുശേഷം അംഗത്വത്തിലും ജനസ്വാധീനത്തിലും വലിയ വളർച്ച നേടി. 4,63,472 ആയിരുന്ന അംഗസംഖ്യ 5,24,221 ആയി. 60,749 അംഗങ്ങളുടെ വർധന. ബ്രാഞ്ചുകൾ 32,967ൽനിന്ന് 36,649 ആയി. 3682 ബ്രാഞ്ചുകൾ വർധിച്ചു. 121 ലോക്കൽ കമ്മിറ്റികൾ പുതുതായിവന്നു. അംഗസംഖ്യയിൽ 54.58 ശതമാനവും 2012നുശേഷം വന്നവരാണ്. പുതുതായിവന്നവർക്ക് രാഷ്ട്രീയ സംഘടനാവിദ്യാഭ്യാസം നൽകും. 25 വയസ്സിൽ താഴെയുള്ളവർ 9.42 ശതമാനമാണ്. വിദ്യാർഥി–-യുവജന സ്വാധീനം പാർടി അംഗത്വത്തിൽ പ്രതിഫലിക്കുന്നില്ല. ഇത് പരിഹരിക്കണം.

സ്ത്രീകളുടെ അംഗത്വവും വർധിച്ചു. 17 ശതമാനത്തിൽനിന്ന് 19.74 ശതമാനമായി. അംഗങ്ങളിൽ 1,04,093 സ്ത്രീകളാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ 25 ശതമാനത്തിലധികമാണ് സ്ത്രീകൾ. ഇത്തവണ 1991 ബ്രാഞ്ചുകളിൽ സ്ത്രീകൾ സെക്രട്ടറിമാരായി.
ഒരുഘടകത്തിൽ രണ്ട് സ്ത്രീകളെങ്കിലും ഉണ്ടാകണമെന്ന് ഉറപ്പാക്കി. ജില്ലാ കമ്മിറ്റിയിൽ 10 ശതമാനം സ്ത്രീകളാണ്. ജില്ലാ സെക്രട്ടറിയറ്റിൽ വനിതയെ ഉൾപ്പെടുത്തി. എസ്സി, എസ്ടി വിഭാഗങ്ങളിൽനിന്നുള്ള അംഗത്വവും വർധിച്ചു.

" സമസ്തയുടെ നിലപാട് 
സ്വാഗതാർഹം'
എൽഡിഎഫ് വിപുലീകരണം ഇപ്പോഴത്തെ സാഹചര്യത്തിൽ അടിയന്തരപ്രാധാന്യമുള്ളതല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുസ്ലിംലീഗുമായി കൂട്ടുകെട്ടുണ്ടാക്കാൻ സിപിഐ എം ഉദ്ദേശിക്കുന്നില്ല. എന്നാൽ, സമസ്തയുടെ നിലപാട് സ്വാഗതാർഹമാണ്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും ജിഫ്രി തങ്ങളുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾക്ക് ഇടതുപക്ഷവിരുദ്ധ നിലപാടില്ല. ക്രിയാത്മകനിലപാടാണ് അവരുടേത്. അവരുമായി പരമാവധി സഹകരിക്കാൻ സന്നദ്ധമാണ്. ഇപ്പോൾ സഹകരിക്കുന്നുണ്ട്. കോൺഗ്രസിലെ അടി എപ്പോഴുമുള്ളതാണ്. അതിനുപുറകെ ഞങ്ങൾ പോകാറില്ല.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞതവണ 600ൽ 20 എണ്ണമൊഴികെ നിറവേറ്റി. ഓരോ വർഷവും പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചാണ് പ്രവർത്തനം. ഈ വർഷവും അതുണ്ടാകും. സർക്കാർ പ്രവർത്തനത്തിന് ദിശാരേഖയുണ്ട്. സഹകരണമേഖലയെ ശക്തിപ്പെടുത്തും. പ്രാദേശിക വികസനത്തിന് തദ്ദേശസ്ഥാപനങ്ങൾ കൂടുതലായി ഇടപെടണം. വീടില്ലാത്തവർക്ക് 2000 വീട് നിർമിച്ചുനൽകാൻ കഴിഞ്ഞ സമ്മേളനം തീരുമാനിച്ചിരുന്നു. ഇതുവരെ 1040 എണ്ണം നൽകി. ബാക്കി ഒരുവർഷത്തിനകം നൽകും. ഐഎൻഎല്ലിൽ ആഭ്യന്തരസംഘർഷമുണ്ട്. അത് അവർതന്നെയാണ് പരിഹരിക്കേണ്ടത്. ഇടതുപക്ഷത്തിന്റെ യശസ്സിന് കോട്ടംതട്ടുംവിധം അത് തുടർന്നാൽ നിലപാട് എടുക്കേണ്ടിവരും. അവർക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. സർക്കാരും ഗവർണറുമായി എപ്പോഴും സംഘർഷത്തിൽ പോകേണ്ടതില്ല.

കേരളത്തിന്റെ ചരിത്രം വിശദമാക്കുമ്പോൾ മന്നത്ത് പത്മനാഭന്റെ സംഭാവനകളെ വിസ്മരിക്കാനാകില്ല. അദ്ദേഹത്തിന്റെ സംഭാവനകളെ സിപിഐ എം വിലമതിക്കുന്നു. ദേശാഭിമാനിയിൽ ഉൾപ്പെടെ പലപ്പോഴും ഇത് എടുത്തുകാട്ടിയിട്ടുണ്ട്. പാർടിയിലെ വിഭാഗീയത അവസാനിച്ചെന്നും കോടിയേരി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/1J3MXBr

Comments

Archive

Contact Form

Send