വെറുപ്പ്‌ വിതച്ച്‌ കൊയ്‌ത വിജയം ; ബിജെപി കൂട്ടുപിടിച്ചത്‌ തീവ്രവർഗീയതയെ


ന്യൂഡൽഹി
ഉത്തർപ്രദേശിൽ അടിപതറുമെന്ന ഭീതിയെ മറികടക്കാനും വീണ്ടും അധികാരത്തിലെത്താനും ബിജെപി കൂട്ടുപിടിച്ചത് തീവ്രവർഗീയതയെ. കർഷക പ്രക്ഷോഭവും ജീവൽപ്രശ്നങ്ങളും ചർച്ചയായ തെരഞ്ഞെടുപ്പിനെ ഭിന്നിപ്പിന്റെ തന്ത്രങ്ങൾ മെനഞ്ഞാണ് വഴിതിരിച്ചുവിട്ടത്. മുസഫർനഗർ കലാപം മറക്കരുതെന്ന് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു. മുഹമ്മദ് അലി ജിന്നയെ പ്രകീർത്തിക്കുന്നവരാണ് തങ്ങളുടെ എതിരാളികളെന്നായിരുന്നു മറ്റൊരു പ്രചാരണം. ഹിന്ദുക്കൾക്ക് പലായനം ചെയ്യേണ്ടിവരുന്നുവെന്ന കള്ളക്കഥ പ്രചരിപ്പിച്ച കൈരാനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീടുവീടാന്തരം കയറി ഇറങ്ങി.

എസ്പിയുടെ ചുവന്ന തൊപ്പി അപകട മുന്നറിയിപ്പാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ പറഞ്ഞത്. രാമഭക്തരുടെ രക്തംകൊണ്ടാണ് ആ തൊപ്പികൾ ചുവന്നതെന്ന് ആദിത്യനാഥും പറഞ്ഞു. അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികൾക്ക് വധശിക്ഷ വിധിച്ചതും, കർണാടകത്തിലെ ഹിജാബ് വിവാദവും ബിജെപി കൃത്യമായി ഉപയോഗിച്ചു. മോദി സമാജ്വാദി പാർടിയെ സ്ഫോടനക്കേസുമായി ബന്ധിപ്പിച്ച് റാലിയിൽ സംസാരിച്ചത് വൻ വിവാദമായി. എസ്പിയുടെ ചിഹ്നമായ സൈക്കിളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നും മറ്റുപാർടികൾ പ്രതികളോട് മൃദുസമീപനം പുലർത്തുന്നുവെന്നും മോദി ആരോപിച്ചു.

വാരാണസി സ്ഫോടനക്കേസ് പ്രതികൾക്കെതിരെയുള്ള കേസ് എസ്പി സർക്കാർ പിൻവലിച്ചെന്നും മോദി പറഞ്ഞു. മുസ്ലിങ്ങൾക്കെതിരെ ഹിജാബ് വിവാദം മുൻനിർത്തി കടുത്ത വർഗീയ ആക്രമണമാണ് ആദിത്യനാഥടക്കം നടത്തിയത്. ഇത് ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള വോട്ടുകൾ കാര്യമായി ആകർഷിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/oWRyesK

Comments

Archive

Contact Form

Send