അധ്യാപകർക്കും പരീക്ഷ നടത്തും: മന്ത്രി വി ശിവന്‍കുട്ടി


കളമശേരി
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തോടെ വിദ്യാര്ഥികള് വിജ്ഞാന ഉറവിടങ്ങളായി മാറുമ്പോൾ അധ്യാപകരുടെ നിലവാരം ഉയർത്താൻ പരിശീലനവും പരീക്ഷയും നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുസാറ്റിൽ സര്ക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല് ടെക്നോളജി (എസ്ഐഇടി) സംഘടിപ്പിച്ച ടെക് ടാലന്റിന്റെ സംസ്ഥാന ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി.

സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകി പാഠ്യപദ്ധതി നവീകരിക്കും. ഭരണഘടനാമൂല്യങ്ങൾ, സ്ത്രീധനം, മതേതരത്വം, ജനാധിപത്യം, ലിംഗനീതി തുടങ്ങിയ വിഷയങ്ങള് പാഠ്യപദ്ധതിയിൽ ഉള്പ്പെടുത്തും. നാൽപ്പത്തേഴുലക്ഷം വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസരംഗത്തെ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ തടയാൻ ശക്തമായ നടപടി സ്വീകരിക്കും. വിദേശജോലിക്കായുള്ള ഡെപ്യൂട്ടേഷൻ പരിമിതപ്പെടുത്തും. ശാസ്ത്രമേളയും കായികമേളയും കലോത്സവവും അടുത്തവര്ഷം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസമേഖലയിൽ പുതുതായി 7.3 ലക്ഷം കുട്ടികൾ പ്രവേശനം തേടി. കോവിഡ് കാലത്ത് മാതൃകാപരമായി ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കാനായി. എസ്എസ്എൽസി വിജയശതമാനം കൂടിയപ്പോൾ പ്ലസ്വൺ ക്ലാസിന് 79 അധിക ബാച്ചുകൾ ആരംഭിച്ച് ഉപരിപഠനം ആഗ്രഹിച്ചവർക്കൊക്കെ നൽകാനായെന്നും മന്ത്രി പറഞ്ഞു.

കുസാറ്റ് സെന്റര് ഫോര് നാനോമെറ്റീരിയല്സ് ആൻഡ് ഡിവൈസസിൽ നടന്ന ചടങ്ങില് വൈസ് ചാന്സലര് ഡോ. കെ എന് മധുസൂദനന് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടര് കെ ജീവന് ബാബു, എസ്ഐഇടി ഡയറക്ടര് ബി അബുരാജ്, എറണാകുളം ആര്ഡിഡി ശകുന്തള, ഐയുസിഎന്ഡി ഡയറക്ടര് പ്രൊഫ. ഹണി ജോണ് തുടങ്ങിയവര് സംസാരിച്ചു. ശനി പകൽ മൂന്നിന് നടക്കുന്ന സമാപനസമ്മേളനത്തില് മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയാകും.

നാനോടെക്നോളജി, ബയോ ഇന്ഫര്മാറ്റിക്സ്, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, സാറ്റലൈറ്റ് ആൻഡ് റഡാര് ടെക്നോളജി തുടങ്ങിയ മേഖലകളില് ഹൈസ്കൂള്, ഹയര് സെക്കൻഡറി വിദ്യാര്ഥികള്ക്ക് പരിശീലനം നല്കുകയാണ് ടെക് ടാലന്റിന്റെ ലക്ഷ്യം.



Credits Kerala || Deshabhimani ​Online ​News https://ift.tt/lvW1gb8

Comments

Archive

Contact Form

Send