ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടും: പ്രകാശ് കാരാട്ട്
കൊച്ചി
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന കേന്ദ്രസർക്കാരിനെതിരായ ചെറുത്തുനിൽപ്പിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വേഗംപകരുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 12 ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാർ യോഗം ചേർന്ന് അവകാശപത്രിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ്–- സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത–- ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.

പ്രധാനമന്ത്രി മുതൽ ജില്ലാ കലക്ടർവരെ ഒറ്റ ഭരണസംവിധാനമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. പലയിടത്തും ഗവർണർമാർ വൈസ്രോയിമാരെപ്പോലെയാണ് പെരുമാറുന്നത്. കേരളത്തിൽ ഇതാണ് കാണുന്നത്. കേന്ദ്രം എല്ലാ കാര്യത്തിലും ഇങ്ങനെ തീരുമാനമെടുത്താൽ ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭകൾക്ക് എന്ത് അധികാരമാണുള്ളത്. നികുതിവിഹിതം വീതംവയ്ക്കുന്നതിലും സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് നീതിപൂർവമായ നയമില്ല. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷം നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതിവിഹിതം 2.9 ശതമാനത്തിൽനിന്ന് 1.5 ആയി കുറച്ചു. ധനകമീഷന്റെ കാര്യത്തിലും നികുതികാര്യത്തിലുമുള്ള ഈ വിവേചനം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണത്തിന് തുല്യ അധികാരമുള്ള വിഷയങ്ങളിലും തുടരുകയാണ്. വിദ്യാഭ്യാസസ്ഥാപനം അനുവദിക്കൽ, സിലബസ് തീരുമാനിക്കൽ എന്നിവയിലെല്ലാം കേന്ദ്രം ഒറ്റയ്ക്കാണ് തീരുമാനമെടുക്കുന്നത്.
സംസ്ഥാനങ്ങൾക്ക് ഭരണഘടന നൽകിയ പരിമിതമായ അധികാരംപോലും രാജ്യത്തിന്റെ സ്വത്ത് മുഴുവൻ കൈകാര്യം ചെയ്യുന്ന ഏതാനും കോർപറേറ്റുകൾക്ക് സഹിക്കുന്നില്ല. ഒരുരാജ്യം ഒരുഭാഷ, ഒരുവിപണി എന്നതാണ് ആർഎസ്എസ് ലക്ഷ്യം. മതനിരപേക്ഷതയും ഫെഡറലിസവും ജനാധിപത്യവും പരസ്പരപൂരകങ്ങളാണ്. ഏതെങ്കിലും ഒന്ന് തകർന്നാൽ മറ്റു രണ്ടും ഇല്ലാതാകും–- കാരാട്ട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/6v7NRgZ
Comments