ഹിജാബ് വിലക്ക് : ബന്ദ് സമാധാനപരം
മംഗളൂരു
ഹിജാബ് വിലക്ക് ശരിവച്ച ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ കർണാടകയിൽ നടത്തിയ ബന്ദ് സമാധാനപരം. മംഗളൂരു, ബംഗളൂരു, ഹാസൻ, ശിവമോഗ തുടങ്ങിയ ജില്ലകളിൽ നിരവധിപേർ സ്വമേധയാ കടകളടച്ചു. ബസ്, ടാക്സി, ട്രെയിൻ തുടങ്ങിയ സർവീസുകൾ നടത്തി. കർണാടക ആർടിസി സർവീസ് നടത്തി. ബംഗളൂരുവിൽ ബിഎംടിസി, മെട്രോ ട്രെയിൻ സർവീസുകളും മുടങ്ങിയില്ല. ഉഡുപ്പി, ദക്ഷിണ കന്നട, ഉത്തര കന്നട ജില്ലകളിൽ കടകൾ അടഞ്ഞുകിടന്നു. മുസ്ലിം മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും അവധി നൽകി. കർണാടക അമീറെ ശരീഅത് മൗലാന സഗീർ അഹ്മദ് ഖാൻ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
പ്രതിഷേധം കനക്കുന്നു
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു.
വിധി പ്രഖ്യാപിച്ച ചൊവ്വാഴ്ച മുതൽ കർണാടകയിലെ വിദ്യാർഥികളും മുസ്ലിം സംഘടനകളും പ്രതിഷേധം ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികളും യുവജനസംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ചെന്നൈയിൽ ചൊവ്വാഴ്ച കോളേജ് വിദ്യാർഥികൾ വിധിക്കെതിരെ പ്ലക്കാർഡുകളുമായി തെരുവിലിറങ്ങി.
അതേസമയം ഹിജാബ് നിർബന്ധമാക്കിയതോടെ കർണാടത്തിലെ ഒരുവിഭാഗം മുസ്ലിം വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. ചിലർ പഠനം നിർത്തിയതായും മറ്റു ചിലർ ടിസി വാങ്ങി പോയതായും ഉഡുപ്പിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള എംജിഎം കോളേജിലെ വിദ്യാർഥികൾ പറയുന്നു.
സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹിഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സാമൂഹ്യപ്രവർത്തക സാജീദാബീഗം സുപ്രീംകോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കുന്ന തന്റെ വാദം പരിഗണിക്കാതെയാണ് വിധിയെന്ന് ഇവർ ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി വിധിക്കെതിരെ രണ്ടു വിദ്യാർഥിനികൾ നൽകിയ ഹർജി ഹോളിക്കുശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/Erl6Y8Q
Comments