കരുത്തായുണ്ട് നമ്മളെ നയിച്ചവർ

കൊച്ചി
കനൽവഴി താണ്ടി തൊഴിലാളിപ്രസ്ഥാനത്തെ ജനഹൃദയത്തിലേറ്റിയ പ്രിയസഖാക്കൾ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പടിയിറങ്ങുമ്പോൾ അവരുടെ സമരജീവിതം ഇനി പാർടിക്ക് കരുത്താകും.

സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായിരുന്ന പാലോളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസൻ, എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ് എന്നിവർ സംസ്ഥാന നേതൃനിരയിൽനിന്ന് ഒഴിവാകുന്നത് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയാണ്. പാർടിയുടെ നട്ടെല്ലായി നിന്ന് നയിച്ച പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ ജെ തോമസ്, ജയിംസ് മാത്യു, കെ പി സഹദേവൻ, പി പി വാസുദേവൻ, എം ചന്ദ്രൻ, കെ വി രാമകൃഷ്ണൻ, ഗിരിജ സുരേന്ദ്രൻ, ജി സുധാകരൻ, ആർ ഉണ്ണിക്കൃഷ്ണപിള്ള, കെ അനന്തഗോപൻ, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ എന്നിവർ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായി. പി കരുണാകരനും വൈക്കം വിശ്വനും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഇവരെ കൂടാതെ ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി എംഎൽഎ എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായുണ്ട്.
യാഥാസ്ഥികത്വവും കമ്യൂണിസ്റ്റ് വിരുദ്ധതയും ആധിപത്യം പുലർത്തിയ മലബാറിൽ പാർടിയെ നയിച്ച ഉജ്വലസാന്നിധ്യമാണ് പാലോളി. എതിരാളികൾപോലും ആദരിക്കുന്ന പൊതുപ്രവർത്തകൻ. 1996-ലെ ഇ കെ നായനാർ മന്ത്രിസഭയിലും 2006ൽ വി എസ് സർക്കാരിലും തദ്ദേശമന്ത്രിയായി. നിലവിൽ കേന്ദ്രകമ്മിറ്റി ക്ഷണിതാവാണ്.

കൊല്ലം ചിറക്കര പണമൂട്ടിൽ 1935 ജൂലൈയിലാണ് പി കെ ഗുരുദാസന്റെ ജനനം. 1981 മുതൽ ’98 വരെ സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്നു. 21 മാസം തടവുശിക്ഷ അനുഭവിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ലളിതമായ പൊതുജീവിതത്തിനുടമയായ അദ്ദേഹം, മന്ത്രിയായിരിക്കെ എക്സൈസ് വകുപ്പിനെ കാര്യക്ഷമവും അഴിമതിരഹിതവുമാക്കി.

എഴുപത്തഞ്ചാണ്ടിലേറെ നീണ്ട എം എം ലോറൻസിന്റെ പൊതുപ്രവർത്തനാനുഭവങ്ങൾ സംഭവബഹുലവും സമരതീക്ഷ്ണവുമാണ്. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിനുശേഷവും അടിയന്തരാവസ്ഥയിലും കൊടിയ മർദനവും ജയിൽവാസവും അനുഭവിച്ചു. 18–-ാംവയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. പാർടി പിളർപ്പിനുശേഷം സി എച്ച് കണാരൻ സെക്രട്ടറിയായി രൂപീകരിച്ച 66 അംഗ സംഘടനാ കമ്മിറ്റിയിൽ ലോറൻസും അംഗമായി. ദീർഘകാലം എൽഡിഎഫ് കൺവീനറായി.
ഇടപ്പള്ളി കണ്ണന്തോടത്ത് കുടുംബാംഗമായ കെ എൻ രവീന്ദ്രനാഥ് ഒമ്പതാംക്ലാസ് വിദ്യാർഥിയായിരിക്കെ ദിവാൻ സർ സി പിയുടെ അമേരിക്കൻ മോഡലിനെതിരെ പ്രക്ഷോഭം നയിച്ചു.
മഹാരാജാസ് കോളേജിൽ ഇന്ററിന് ചേർന്നപ്പോൾ വിദ്യാർഥി ഫെഡറേഷന്റെ സജീവപ്രവർത്തകനായി. 1952ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി.

1964ൽ ഇടതുനേതാക്കൾ കൊച്ചിയിൽ സമ്മേളിച്ച് രൂപീകരിച്ച 66 അംഗ സംഘടനാസമിതിയിൽ കെ എൻ ആർ അംഗമായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nyLPpJ

Comments

Archive

Contact Form

Send