സുധാകരന് അടി; പുനഃസംഘടന വേണ്ടെന്ന് ഹൈക്കമാൻഡ് ; പിടിമുറുക്കി വേണുഗോപാൽ
തിരുവനന്തപുരം
കോൺഗ്രസിൽ രൂക്ഷമായ തർക്കത്തിനിടെ പുനഃസംഘടന നിർത്തിവയ്ക്കാനുള്ള ഹൈക്കമാൻഡ് നിർദേശം കെപിസിസി അധ്യക്ഷൻ കെ സുധാകരന് കനത്ത പ്രഹരം. വേഗത്തിലുള്ള ഡിസിസി, ബ്ലോക്ക് പുനഃസംഘടനയിലൂടെ മേധാവിത്വം നിലനിർത്താനുള്ള സുധാകരന്റെ നീക്കത്തിന് തടയിട്ടത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്.
മുതിർന്ന നേതാക്കളും എട്ട് എംപിമാരും പുനഃസംഘടന സുതാര്യമല്ലെന്ന് തുറന്നടിച്ച് ഹൈക്കമാൻഡിനെ പരാതി അറിയിച്ചു. പരാതിയുള്ളതിനാൽ പുനഃസംഘടന നിർത്തിവച്ചെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളെയും എംപിമാരെയും കേട്ടശേഷം മതി പുനഃസംഘടനയെന്നാണ് ഹൈക്കമാൻഡ് നിലപാട്. തീരുമാനത്തിൽ അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാൻഡിന് കത്തയച്ചു. രാജി സന്നദ്ധതയും അറിയിച്ചു. എന്നാൽ, തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും സുധാകരന് പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നുമാണ് വി ഡി സതീശൻ പറയുന്നത്.
കെ സി വേണുഗോപൽ പറയുന്നത് മാത്രമാണ് താരിഖ് അൻവർ ചെയ്യുന്നതെന്ന് നേരത്തേ ആക്ഷേപമുണ്ട്. വി ഡി സതീശന്റെ നേതൃത്വത്തിലാണ് വേണുഗോപാലിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നത്. അപകടം മണത്ത സുധാകരൻ കഴിഞ്ഞ ദിവസം കന്റോൺമെന്റ് ഹൗസിൽ നടന്നത് ഗ്രൂപ്പ് യോഗമാണോ എന്ന് പരിശോധിക്കാൻ വിശ്വസ്തരെ വിട്ട് ‘റെയ്ഡ്’ നടത്തിയിരുന്നു.
കെ സി വേണുഗോപാൽ–- സതീശൻ കൂട്ടുകെട്ട് ഒരു ഭാഗത്തും സുധാകരൻ–- ചെന്നിത്തല സംഘം മറുഭാഗത്തുമായി മാറിയിരിക്കുകയാണ്. കെ മുരളീധരനുമായുള്ള അകൽച്ച അവസാനിച്ചെന്ന് രമേശ് ചെന്നിത്തല ഗുരുവായൂരിൽ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, പുനഃസംഘടന അട്ടിമറിക്കുന്നത് വേണുഗോപാലാണെന്ന് ഒരു വിഭാഗം ഹൈക്കമാൻഡിന് പരാതി നൽകി. പുതിയ സാഹചര്യത്തിൽ താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കും.
തെരഞ്ഞെടുപ്പാകാമെന്ന്
കെ മുരളീധരൻ
കോഴിക്കോട്
കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നല്ലതാണെന്ന് കെ മുരളീധരൻ എം പി. അതിന്റെ പേരിൽ സംഘടനാ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ല. കഴിയുന്നിടത്ത് സമവായം. അല്ലാത്തിടത്ത് തെരഞ്ഞെടുപ്പുമാണ് നല്ലത്. പുനഃസംഘടനയെപ്പറ്റി പരാതി പറഞ്ഞിട്ടില്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2vltVD1
Comments