ഹരിദാസൻ വധം : വെട്ടിയരിഞ്ഞത് ബിജെപി മണ്ഡലം പ്രസിഡന്റും സെക്രട്ടറിയും
തലശേരി
സിപിഐ എം പ്രവർത്തകൻ ഹരിദാസനെ വെട്ടിനുറുക്കി കൊല്ലുന്ന കൃത്യത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷും മണ്ഡലം സെക്രട്ടറി പ്രിജീഷ് എന്ന മൾട്ടി പ്രജിയും നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ്. അത്യന്തം ഞെട്ടിപ്പിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. നേതൃത്വംതന്നെ നേരിട്ട് കൊലപാതകത്തിൽ പങ്കാളിയാകുന്ന അസാധാരണ സ്ഥിതിവിശേഷമാണിത്. കൊലപാതകം ആസൂത്രണം ചെയ്തതും ജില്ലാ–-സംസ്ഥാന നേതാക്കളാണെന്ന വിവരവും വെളിച്ചത്തുവരികയാണ്.
മീൻപിടിത്തം കഴിഞ്ഞെത്തിയ പാവപ്പെട്ട മത്സ്യത്തൊഴിലാളിയെ പുലർച്ചെ ഒന്നരമണിക്കാണ് വീട്ടുമുറ്റത്തിട്ട് നിഷ്ഠുരമായി കൊന്നത്. എന്നിട്ടും പകതീരാതെ കാൽ വെട്ടിയെടുത്തു. നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന ബിജെപി സംസ്ഥാന നേതാക്കളുടെ വാദവും പൊളിയുകയാണ്. കൊല നടത്തിയവർ തന്നെ കുറ്റം സമ്മതിച്ചിരിക്കുന്നു. മണ്ഡലം പ്രസിഡന്റിനെ വാൾ കൊടുത്ത് കൊലക്ക് നിയോഗിച്ച ഉന്നതൻ ആര്? ഗൂഢാലോചനയിൽ മറ്റാരൊക്കെ പങ്കെടുത്തു? ഈചോദ്യത്തിനുള്ള ഉത്തരവും വൈകാതെ പുറത്തുവരും. ദിവസങ്ങൾ നീണ്ട ആസൂത്രണവും ഉന്നതതല ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്.
പിന്തുടർന്ന് കൊലപാതകം അരുംകൊലയിലൂടെ
ദിവസങ്ങളോളം പിന്തുടർന്നാണ് കൊലയാളി സംഘം ഹരിദാസന്റെ ജീവനെടുത്തത്. നാലാമത്തെ തവണയാണ് ലക്ഷ്യം കൈവരിച്ചത്. 22 വെട്ടുകളിൽ ജീവനെടുത്തത് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം. കസ്റ്റഡിയിൽ വാങ്ങിയുള്ള പൊലീസ് ചോദ്യംചെയ്യലിൽ കൊലയുമായി ബന്ധമില്ലെന്ന മറുപടി ആവർത്തിച്ചു. ഡിജിറ്റൽ തെളിവുകൾ നിരത്തി പൊലീസ് ചോദ്യംചെയ്തതോടെ ഗത്യന്തരമില്ലാതെ പത്തിമടക്കി. കൊലക്കുപയോഗിച്ച വാളും വസ്ത്രങ്ങളും യാത്രചെയ്ത സ്കൂട്ടറും കാട്ടിക്കൊടുത്തു.
മാധ്യമങ്ങൾ നിശബ്ദതയിൽ
ബിജെപി മണ്ഡലം പ്രസിഡന്റും സെക്രട്ടറിയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് തെളിഞ്ഞിട്ടും മാധ്യമങ്ങൾ നിശബ്ദതയിലാണ്. കൽപ്പിതകഥകളോ അന്വേഷണത്തിന്റെ സംഭ്രമജനകമായ വിവരണമോ ഇല്ല. പെരിയ, ഷുക്കൂർ, ഫസൽ, മനോജ് കേസുകളിൽ സിപിഐ എം നേതാക്കളെ കുടുക്കാൻ സിബിഐക്കൊപ്പം ചേർന്ന് കഥകളെഴുതിയവർ മത്സ്യത്തൊഴിലാളി വെട്ടേറ്റ് മരിച്ചപ്പോൾ മൗനംപൂണ്ടു. മുടക്കോഴി മലയിലേത് പോലെ മാഹി ചെമ്പ്രക്കുന്നിലേക്ക് ചാനൽ ക്യാമറകൾ തിരിഞ്ഞില്ല.
ബിജെപി മണ്ഡലം സെക്രട്ടറി മൾട്ടി പ്രജി പങ്കാളിയായ മൂന്നാമത്തെ കൊലപാതകമാണിത്. മാഹിയിലെ കണ്ണിപ്പൊയിൽ ബാബു, നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് എന്നിവരെ അരുംകൊല ചെയ്തസംഘത്തിൽ പ്രജിയുണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ് മറ്റു കൊലപാതകങ്ങളിലും അക്രമത്തിലും പങ്കെടുത്തിട്ടുണ്ടെങ്കിലും വിലങ്ങുവീഴുന്നത് ഇതാദ്യം. ഹരിദാസൻ വധത്തിൽ 13 പേർ ഇതിനകം പിടിയിലായി. വമ്പൻസ്രാവുകൾ പുറത്തുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/7i46Jh9
Comments