നഷ്ടമായത്‌ 
പ്രിയ സഹോദരനെ : പി കെ കുഞ്ഞാലിക്കുട്ടി


മതമൈത്രിയുടെ സന്ദേശവാഹകൻ വിട ചൊല്ലി. മതേതര ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനായി ആയുസ്സുമുഴുവൻ പ്രവർത്തിച്ച ജനനായകന്റെ അപരിഹാര്യമായ നഷ്ടമാണിത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാകാത്തതാണ്. കേവലം രാഷ്ട്രീയമായ ശൂന്യതമാത്രമല്ല. നമ്മുടെ മത, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്.

കേരളീയ സമൂഹത്തിൽ പാണക്കാട് കുടുംബം ചെലുത്തിയ സ്വാധീനം അളവറ്റതാണ്. ഒരേസമയം രാഷ്ട്രീയത്തിലും മതനേതൃത്വത്തിലും പ്രവർത്തിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും കണ്ണിയായി വർത്തിക്കാനും ഒരുമയുടെ പൊതുവേദി സൃഷ്ടിക്കാനും അവർക്കു കഴിഞ്ഞു. മുഹമ്മദലി ശിഹാബ് തങ്ങൾ മൂന്നര പതിറ്റാണ്ടോളം ലീഗിനും സമൂഹത്തിനും ധൈഷണികവും സൗമ്യവും ദീപ്തവുമായ നേതൃത്വമായിരുന്നു. ആ ഗോപുര സമാന വ്യക്തിത്വം വിടപറഞ്ഞപ്പോൾ ഉണ്ടായ കനത്ത നഷ്ടം എങ്ങനെ പരിഹരിക്കപ്പെടുമെന്ന ചിന്തയിൽനിന്ന് നാട് ഏകസ്വരത്തിൽ പറഞ്ഞ പേരായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. ഒരു വ്യാഴവട്ടത്തിലധികം ഹൈദരലി ശിഹാബ് തങ്ങൾ സംഘടനയുടെയും സമുദായത്തിന്റെയും അമരത്തിരുന്നു. ജനഹൃദയങ്ങളുടെ ആഴത്തിൽ സ്ഥാനം പിടിച്ച ഹൈദരലി ശിഹാബ് തങ്ങൾ, താൻ നേതൃത്വം നൽകിയ സർവ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ജനതയ്ക്കും കിടയറ്റ നേട്ടം സമ്മാനിച്ചു.

സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങൾ തമ്മിലെ ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്നിച്ചു. ഉച്ചത്തിൽ സംസാരിക്കാതെ, ബഹളമയ പ്രസ്താവന നടത്താതെ ചൂടേറിയ പ്രശ്നത്തെപ്പോലും സൗമ്യഭാവത്തിൽ നേരിട്ടു. ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവായി ഉയർന്നു. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ഘട്ടത്തിൽ ലീഗ് അതിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഉന്നത പദവി വഹിച്ചിട്ടും പല വിഷയത്തിലും ഇടപെട്ടിട്ടും വിവാദങ്ങളും വിഭാഗീയതയുമില്ലാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ടു. ആരും അനുസരിക്കുന്ന മഹദ് വ്യക്തിത്വമായിരുന്നു. രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും നിറഞ്ഞുനിന്ന മറ്റാർക്കും നേടാനാകാത്ത ബഹുമതിയാണ് ഇത്. മധ്യസ്ഥ ചർച്ചകളിൽ "തങ്ങൾ പറഞ്ഞതുകൊണ്ട് ഞങ്ങൾ അനുസരിക്കുന്നു' എന്ന് ആ തീരുമാനംകൊണ്ട് നേട്ടം കുറഞ്ഞവർപോലും സമ്മതിക്കുമായിരുന്നു.

ബാല്യംതൊട്ട് ഒരുമിച്ചു വളർന്ന പ്രിയപ്പെട്ട സഹോദരന്റെ നഷ്ടമാണ് വ്യക്തിപരമായി എനിക്ക്. അദ്ദേഹത്തിനു കീഴിൽ പാർടി ജനറൽ സെക്രട്ടറിയായും മറ്റ് പല ഉത്തരവാദിത്വങ്ങളും നിറവേറ്റി. ഓരോ ചുവടിലും അദ്ദേഹത്തിന്റെ അനുവാദവും അംഗീകാരവും വാങ്ങി മാത്രമേ മുന്നോട്ട് പോയുള്ളൂ. ആലോചനകളും കൂടിക്കാഴ്ചകളുമില്ലാത്ത നാളുകൾ കുറവായിരുന്നു. ഇനിയതെല്ലാം വിങ്ങുന്ന ഓർമമാത്രം.

പാണക്കാട് കൊടപ്പനക്കൽ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനുള്ള സ്നേഹബന്ധത്തിനും അടുത്തിടപഴകലിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളിലൂടെ കൈമാറി വന്ന സ്നേഹമാണത്. ഒരു വീടുപോലെയാണ് കഴിഞ്ഞുപോന്നത്. ഇന്ന് അതിൽനിന്നൊരാൾ, ഏറ്റവും പ്രധാനപ്പെട്ട കണ്ണി കൊഴിഞ്ഞുപോയി.

"ആറ്റപ്പൂ' എന്ന ഓമനപ്പേരിലാണ് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. "ആറ്റപ്പൂവ്' എന്നാൽ കൂടുതൽ ഇമ്പമുള്ള പൂവ് എന്ന അർഥത്തിൽ. കുഞ്ഞുന്നാളിലേ മനസ്സുനിറഞ്ഞ ഇഷ്ടവും ഓമനത്തവും തുളുമ്പുന്ന പേര്. ആ സുഗന്ധം നിറഞ്ഞ, സ്നേഹ നൈർമല്യം പരത്തിയ മഹാനായ നേതാവിനെ നഷ്ടപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/vGtn13r

Comments

Archive

Contact Form

Send