'പഞ്ചാബ്‌ ' ആവർത്തിക്കാൻ കർഷകസംഘടനകൾ


ന്യൂഡൽഹി
കർഷകസമരം പഞ്ചാബ് രാഷ്ട്രീയത്തെ ഉഴുതുമറിച്ചു. ഉത്തർപ്രദേശിൽ ബിജെപിയുടെ ശക്തി ചോർത്തി. പഞ്ചാബ് മാതൃക രാജ്യമെങ്ങും ആവർത്തിക്കാനാണ് കർഷകസംഘടനകൾ തയ്യാറെടുക്കുന്നത്. വിശാലമായ ഉത്തർപ്രദേശിൽ രാഷ്ട്രീയമാറ്റത്തിനു വഴിയൊരുക്കുന്ന നിലയിൽ കർഷകപ്രക്ഷോഭം ശക്തിപ്രാപിച്ചില്ല. ഏതാനും ഭാഗങ്ങളിലാണ് പ്രക്ഷോഭം അലയടിച്ചത്. കോർപറേറ്റ് വിരുദ്ധസമരം എന്ന നിലയിൽ കർഷകപ്രക്ഷോഭം ഉയർന്നുവന്നത് പഞ്ചാബിലാണ്. ഇവിടെ മുഴുവൻ ഗ്രാമ നഗരങ്ങളിലും ഇത് ചലനമുണ്ടാക്കി.

പരമ്പരാഗത രാഷ്ട്രീയ പാർടികളെ മൂലയ്ക്കിരുത്താൻ ആംആദ്മി പാർടിക്കായത് കർഷകരുടെ പിന്തുണയിലാണ്. 2017ൽ എഎപി സ്വാധീനം നഗരമേഖലകളിൽ മാത്രമായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് അവർ ജയിച്ചത്. കർഷകസമരം സ്ഥിതിഗതി മാറ്റിമറിച്ചു. ബിജെപിയെ കർഷകർ പൂർണമായും കൈവിട്ടു. കാർഷികനിയമങ്ങളെ തുടക്കത്തിൽ അനുകൂലിച്ച ശിരോമണി അകാലിദളും കർഷകരോഷത്തിനു പാത്രമായി. അമരീന്ദർസിങ് സർക്കാർ കാർഷികനിയമങ്ങളെ എതിർത്തെങ്കിലും ദേശീയതലത്തിൽ കോൺഗ്രസ് കൃത്യമായ നിലപാടെടുത്തില്ല.

അമരീന്ദറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ഡൽഹിയിലെ എഎപി സർക്കാർ കർഷകപ്രക്ഷോഭത്തെ നിർണായക ഘട്ടത്തിൽ സഹായിച്ചു. ഡൽഹി സ്റ്റേഡിയങ്ങളെ തുറന്ന ജയിലുകളാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തെ ചെറുത്തു. പ്രക്ഷോഭകർക്ക് വെള്ളവും ഇതര സൗകര്യങ്ങളും ഒരുക്കി. ചില കർഷകസംഘടനകൾ മത്സരത്തിനിറങ്ങിയെങ്കിലും സംയുക്ത കിസാൻ മോർച്ച ഇവരെ സഹായിച്ചില്ല. ഉത്തർപ്രദേശിൽ സമാജ്വാദി സഖ്യത്തിനു ബിജെപിക്കെതിരായി പോരാടാനുള്ള ഇന്ധനം പകർന്നതും കർഷകപ്രക്ഷോഭമാണ്. ജനങ്ങളുടെയും കർഷകരുടെയും ശത്രുക്കൾ ആരാണെന്ന് കർഷകപ്രക്ഷോഭം തെളിയിച്ചു. ഈ അടിത്തറയിലാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ എസ്പി സഖ്യത്തിന് പ്രചാരണം നടത്താനായത്.



Credits National || Deshabhimani ​Online ​News https://ift.tt/sOScgTh

Comments

Archive

Contact Form

Send