രക്ഷാദൗത്യം : അവസാന വിമാനങ്ങൾ എത്തുന്നു


ന്യൂഡൽഹി
ഉക്രയ്ൻ രക്ഷാദൗത്യത്തിനായുള്ള ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള അവസാന വിമാനങ്ങൾ ഡൽഹിയിലും മുംബൈയിലും എത്തിത്തുടങ്ങി. തിങ്കളാഴ്ച 1314 ഇന്ത്യക്കാരുമായി ഏഴ് വിമാനം എത്തി. അഞ്ച് വിമാനം ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നും ഓരോ വിമാനം വീതം റുമാനിയയിലെ ബുക്കാറസ്റ്റ്, സുസിയേവ നഗരങ്ങളിൽ നിന്നുമാണ്. ബുക്കാറസ്റ്റിൽ നിന്നുള്ള അവസാന വിമാനമാണ് തിങ്കളാഴ്ച എത്തിയതെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

ഇതുവരെയായി 17400 പേരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി എത്തിച്ചുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച നാന്നൂറ് ഇന്ത്യാക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി എത്തും. രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള സർവ്വീസുകൾ തുടർന്നുണ്ടാകുമോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. റഷ്യൻ സഹകരണത്തോടെയുള്ള ഒഴിപ്പിക്കലിന് ഉക്രയ്ൻ വിസ്സമ്മതിച്ചതോടെ വിദ്യാർഥികൾക്ക് സുമിയിൽ തന്നെ തുടരേണ്ട സ്ഥിതിയായി.

ഉക്രയ്നിലെ കീവിൽ ഫെബ്രുവരി 27ന് വെടിവെയ്പ്പിൽ പരിക്കേറ്റ ഇന്ത്യൻ പൗരൻ ഹർജോത് സിങിനെ തിങ്കളാഴ്ച വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. കീവിൽ നിന്നും റോഡുമാർഗം പോളണ്ട് അതിർത്തിയിൽ എത്തിച്ച ശേഷമാണ് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/RSFWqrQ

Comments

Archive

Contact Form

Send