എൽഡിഎഫ് വികസനം നടപ്പാക്കുന്നു; യുഡിഎഫിന് നിരാശ- മുഖ്യമന്ത്രി
കോഴിക്കോട്> സിൽവർലൈൻ പദ്ധതിയോടുള്ള എതിർപ്പിലെ പ്രധാന കാരണം യുഡിഎഫിന് കേരളത്തിൽ നടപ്പാക്കാനാകാത്ത വികസനം എൽഡിഎഫ് സാധ്യമാക്കുന്നതിലെ നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. "ജനസമക്ഷം സിൽവർലൈൻ' വിശദീകരണയോഗം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ, കൂടംകുളം പവർ ഹൈവേ എന്നിവ മുടങ്ങിക്കിടക്കുകയായിരുന്നു. എൽഡിഎഫ് സർക്കാർ ഇവയെല്ലാം പ്രാവർത്തികമാക്കി. കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിയുമായി ആദ്യമെത്തിയത് യുഡിഎഫാണ്. എന്നാൽ, പദ്ധതി നടപ്പാക്കാൻ അവർക്കായില്ല. വികസനത്തിനെതിരെ പ്രതിഷേധത്തിന് മറ്റൊരു കാരണം പദ്ധതികളെല്ലാം നടപ്പാകുമെന്ന ഉറപ്പാണ്. 2016ന് ശേഷം തീരുമാനിച്ച പദ്ധതികൾ പൂർണമായും നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. കേരള ജനതയുടെ അഭിലാഷത്തിന് യോജിച്ചവിധത്തിൽ സിൽവർലൈൻ പദ്ധതിയും നടപ്പാക്കും. ന്യായമായ സംശയത്തിനും നിർദേശങ്ങൾക്കും പരിഗണന നൽകും.
ഭാവിതലമുറയോടുള്ള അർപ്പണബോധത്തോടെയാണ് കേരളം സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി സംബന്ധിച്ച് സാധാരണ മനുഷ്യർക്ക് സംശയമുണ്ടാവും. ഇത് പരിഹരിക്കാനാണ് "ജനസമക്ഷം സിൽവർലൈൻ'. വേഗം വർധിപ്പിക്കാനാണ് സ്റ്റാൻഡേർഡ് ഗേജിൽ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യൻ റെയിൽവേ പുതിയതായി നിർമിക്കുന്ന പാളങ്ങളും സ്റ്റാൻഡേർഡ് ഗേജിലാണ്. ഭാവിയിൽ റെയിൽ വികസനത്തിന് ഇത് ഗുണംചെയ്യും. ഒരിടത്തും ജനങ്ങളുടെ സഞ്ചാരം മുടങ്ങുന്ന തരത്തിൽ റോഡുകളോ വഴികളോ കെട്ടിയടയ്ക്കുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/BXFudc2
Comments