നാടിനാവശ്യം ; സിൽവർ ലൈൻ നടപ്പാക്കിയേ തീരൂ ; എതിർപ്പിന്റെ പേരിൽ വികസനപദ്ധതി ഉപേക്ഷിക്കില്ല


തിരുവനന്തപുരം
സിൽവർ ലൈൻ നാടിന് ആവശ്യമെന്നും നടപ്പാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിനും ഭാവിക്കുമുള്ള പദ്ധതിയാണ്. എതിർപ്പിന്റെ പേരിൽ വികസനപദ്ധതി ഉപേക്ഷിക്കുക സർക്കാർ നയമല്ല. അങ്ങനെയെങ്കിൽ ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, പവർ ഹൈവേ തുടങ്ങിയവ നടപ്പാക്കാനാകില്ലായിരുന്നു. പ്രതിപക്ഷ അംഗങ്ങൾക്കുപോലും ആത്മാർഥമായി പദ്ധതിയെ എതിർക്കാനാകുന്നില്ലെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പറഞ്ഞു.

ഒന്നും ഒളിച്ചിട്ടില്ല. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ പദ്ധതിയാണ്. യുഡിഎഫിന് അണികളെപ്പോലും ഈ സമരത്തിന് കിട്ടുന്നില്ല. പദ്ധതിക്കായി റെയിൽവേയുമായി ചേർന്ന് സംയുക്ത കമ്പനി രൂപീകരിക്കാൻ എംഒയു ഒപ്പിട്ടത് യുഡിഎഫ് സർക്കാരാണ്. ചെലവ് വർധിക്കുമെന്ന വാദമടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 63,940 കോടിയേ ചെലവ് വരൂ. ലോകത്ത് ഒരിടത്തും വൻകിട പദ്ധതി നടപ്പാക്കുന്നത് ആഭ്യന്തര വരുമാനത്തെ ആശ്രയിച്ചല്ല. എല്ലാവരും വായ്പ എടുക്കുകയാണ്. സംസ്ഥാന സർക്കാർ നേരിട്ടല്ല, എസ്പിവി വഴിയാണ് വായ്പ. സർക്കാർ ഗാരന്റി നൽകുന്നു. 40 വർഷം തിരിച്ചടവിന് ലഭിക്കുന്നു. ഇതിനിടെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വലിയ തോതിൽ മെച്ചപ്പെടുമെന്ന വസ്തുത പ്രതിപക്ഷം കാണുന്നില്ല.

മറ്റു സംസ്ഥാനങ്ങളിലെ സമാന പദ്ധതികളെ കോൺഗ്രസ് എതിർക്കുന്നില്ലെന്നത് ഇരട്ടത്താപ്പാണ്. കേരളത്തെ വിഭജിക്കുമെന്ന വാദത്തിൽ കഴമ്പില്ല, മതിലും ഉയരില്ല. കാർബൺ ബഹിർഗമനവും വാഹനങ്ങളുടെ എണ്ണവും കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതാണ് പദ്ധതി. നാടിന്റെ ഭാവിക്കുള്ള പദ്ധതിയായതിനാൽ നാട്ടുകാർ സഹകരിക്കും. പ്രതിപക്ഷമടക്കം ഒന്നിച്ച് നിൽക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/5fSXWYL

Comments

Archive

Contact Form

Send