വധഗൂഢാലോചന : ദിലീപിനെതിരെ ശക്തമായ തെളിവുകൾ ; എഫ്‌ഐആർ റദ്ദാക്കരുതെന്ന്‌ പ്രോസിക്യൂഷൻ


കൊച്ചി
വധഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ചെറുത്ത് ശക്തമായ വാദങ്ങൾ നിരത്തി പ്രോസിക്യൂഷൻ. പ്രതികളുടെ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയെന്നും ഡിജിറ്റൽ തെളിവുകൾ ശക്തമാണെന്നും പരിശോധനകൾ പൂർത്തിയായി വരികയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ രണ്ടെണ്ണത്തിൽ പല വിവരങ്ങളും നശിപ്പിച്ചു. നശിപ്പിക്കപ്പെട്ട പലതും വീണ്ടെടുക്കാനായി. അതിന്റെ പരിശോധന പൂർത്തിയായിട്ടില്ല. പ്രതികൾ നാല് മൊബൈൽഫോൺ മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അയച്ച് വിവരങ്ങൾ നശിപ്പിച്ചശേഷമാണ് ഫോണുകൾ ഹാജരാക്കാൻ കോടതി ഉത്തരവുണ്ടായത്. ജനുവരി 27നുതന്നെ ലാബിൽ പരിശോധന പൂർത്തിയായി. 31ന് ഫോണുകൾ ഹാജരാക്കണമെന്ന കോടതി ഉത്തരവുണ്ടായത് 29നും.

ഈ സമയത്തിനുള്ളിൽ ഫോണിലെ വിവരങ്ങളെല്ലാം ലാബിന്റെ ഒരു ഡയറക്ടറായ യോഗേന്ദ്ര യാദവ് നൽകിയ ഹാർഡ് ഡിസ്കിലേക്ക് മാറ്റിയിരുന്നു. 30ന് ദിലീപിന്റെ നാല് അഭിഭാഷകർ നേരിട്ടെത്തി ഫോണുകൾ തിരികെ വാങ്ങി. വിൻസെന്റ് ജോസഫ് ചൊവല്ലൂർ എന്നയാൾക്കൊപ്പമാണ് അഭിഭാഷകർ എത്തിയത്. ഒരാഴ്ചയ്ക്കുശേഷം ഇവയുടെ രേഖകളും പരിശോധനാ രേഖകളും ലാബിൽനിന്ന് അയച്ചുകൊടുത്തുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.

മുബൈയിലെ ലാബിൽ നൽകിയ രണ്ടു ഫോൺ മാത്രമാണ് കോടതിയിൽ നൽകിയത്. ഹാജരാക്കാത്ത ഒരു ഫോണിൽ പ്രൊഡക്ഷൻ കൺട്രോളർ റോഷൻ ചിറ്റൂർ എന്നയാളുടെ പേരിലുള്ള സിം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പെൻഡ്രൈവ്, സിം കാർഡുകൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. മൂന്നാംപ്രതി സുരാജും ബാലചന്ദ്രകുമാറും തമ്മിലുള്ള വാട്സാപ് സന്ദേശത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ 19 രേഖകൾ രണ്ടാംപ്രതി അനൂപിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തു. ഇവ കാക്കനാട്ടെ റീജണൽ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സുരാജിന്റെ വീട്ടിൽനിന്ന് നാല് സിം കാർഡുകളും ശരത് ജി നായരുടെ വീട്ടിൽനിന്ന് ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും കണ്ടെത്തിയിരുന്നു. ഇവയും പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിന്റെ പ്രധാന്യം മനസ്സിലാക്കി എഫ്ഐആർ റദ്ദാക്കാനുള്ള ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

തെളിവുകൾ നശിപ്പിച്ചതായി 
കണ്ടെത്തൽ
ദിലീപ് ഉപയോഗിച്ചിരുന്ന ഐഫോണിലെ 2021 ഡിസംബർ 22 വരെയുള്ള വാട്സാപ് ചാറ്റുകൾ നശിപ്പിച്ചതായി കണ്ടെത്തി. കേസിനെ വഴിത്തിരിവിലെത്തിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുണ്ടായത് ഡിസംബർ ഇരുപത്തഞ്ചിനാണ്. വധഗൂഢാലോചന കേസിലേക്ക് നയിച്ച വെളിപ്പെടുത്തലുകളിലെ വിവരങ്ങളുടെ തെളിവുകൾ നശിപ്പിക്കലായിരുന്നു ദിലീപിന്റെ ലക്ഷ്യമെന്ന് ഇതിൽനിന്ന് വ്യക്തം.
ഇതേ വാട്സാപ് അക്കൗണ്ട് മറ്റൊരു ഫോണിലും ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണിൽനിന്ന് 200 നമ്പറുകൾ കണ്ടെത്തി. ഇവരെല്ലാം വാട്സാപ്പിലൂടെയാണ് ബന്ധപ്പെട്ടിരുന്നത്. ഡിസംബർ നാലുമുതലുള്ള ഫോൺ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമല്ല. ഐ ക്ലൗഡ് മെമ്മറിയിൽ പാസ്വേഡ് ഉപയോഗിച്ചിട്ടുള്ളതിനാൽ വിവരങ്ങൾ പരിശോധിക്കാനായില്ല. ജനുവരി 29, 30 തീയതികളിലായി ഈ രണ്ട് ഫോണുകൾ മുംബൈയിലെ ലാബിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

അനുജൻ അനൂപിന്റെ വാവെ, വിവോ ഫോണുകളിലെ വിവരങ്ങളും നശിപ്പിച്ചിട്ടുണ്ട്. ജനുവരി എട്ടിന് രാത്രി 11.43 വരെയുള്ള വാട്സാപ് ചാറ്റുകൾ വിവോ ഫോണിൽനിന്ന് ലഭിച്ചു. ദിലീപിന്റേത് ഉൾപ്പെടെ നിരവധി ഇ–-മെയിൽ അക്കൗണ്ടുകൾ ഈ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. വാവെ ഫോണിൽ ജനുവരി അഞ്ചുവരെയുള്ള വിവരങ്ങൾ ലഭിച്ചു. എന്നാൽ, വാട്സാപ് സംഭാഷണങ്ങൾ നശിപ്പിച്ചിരുന്നു. അഞ്ചാമത്തെ ഫോണിൽനിന്ന് ജനുവരി അഞ്ചുമുതൽ 28 വരെയുള്ള വിവരങ്ങൾ ലഭിച്ചു. ആറാമത് ഫോണിൽ 2010 ജനുവരി ഒന്നുമുതൽ 2016 മെയ് അഞ്ചുവരെയുള്ള വിവരങ്ങൾ ലഭിച്ചു. എന്നാൽ, വാട്സാപ് സന്ദേശങ്ങൾ ഉൾപ്പെടെ പലതും നശിപ്പിച്ചിട്ടുണ്ട്. ദിലീപിന്റേത് ഒഴികെയുള്ള നാല് ഫോണുകളിലെ വിവരങ്ങൾ പ്രതികൾതന്നെ നശിപ്പിച്ചതാകാമെന്നാണ് നിഗമനം.



Credits Kerala || Deshabhimani ​Online ​News https://ift.tt/5pD3RKa

Comments

Archive

Contact Form

Send