പുതിയ ദിശാബോധം പകർന്ന്‌ സംസ്ഥാന സമ്മേളനം മൂന്നാംദിനത്തിലേക്ക്‌ ; നവകേരള വികസനരേഖയിന്മേലുള്ള ചർച്ച രാവിലെ ആരംഭിക്കും


കൊച്ചി
ഐക്യം ഊട്ടിയുറപ്പിച്ചും കാലാനുസൃതമായ പുതിയ ദിശാബോധം പകർന്നും മുന്നേറുക... സിപിഐ എം സംസ്ഥാന സമ്മേളനം മൂന്നാംദിനത്തിലേക്ക് കടക്കുമ്പോൾ അനുഭവവേദ്യമാകുന്നത് ഇതാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ബുധൻ രാത്രി പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള വികസനരേഖയിന്മേലുള്ള ചർച്ച വ്യാഴം രാവിലെ 9.30ന് ആരംഭിക്കും. അഞ്ചുമണിക്കൂറാണ് ഇതിനുള്ളത്. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് വ്യാഴം വൈകിട്ട് 6.30ന് കോടിയേരി മറുപടി നൽകും. വെള്ളി രാവിലെ 10.30ന് നയരേഖചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറയും. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും പാർടി കോൺഗ്രസ് പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ്.

കൊച്ചി സമ്മേളനം ചരിത്രത്തിൽ ഇടംപിടിക്കുന്നത് വികസന നയരേഖയുടെകൂടി പേരിലാകും. 25 വർഷത്തേക്കുള്ള വികസനകാഴ്ചപ്പാട് സമ്മേളനത്തിൽ അവതരിപ്പിച്ചതും അതിന്മേലുള്ള ചർച്ചയും മറ്റൊരു രാഷ്ട്രീയപാർടിക്കും അവകാശപ്പെടാനാകില്ല. ബിജെപി നയങ്ങൾക്കെതിരെ പ്രായോഗിക ബദൽ മുന്നോട്ടുവച്ചുള്ള സന്ദേശമാണ് സിപിഐ എം നൽകുന്നത്.
പാർടിയുടെ ബഹുജനാടിത്തറ വിപുലമാക്കുകയെന്ന പ്രഖ്യാപിതദൗത്യത്തിന് കൂടുതൽ കരുത്തുപകരുന്ന പൊതുചർച്ചയാണ് പ്രവർത്തന റിപ്പോർട്ടിന്മേലുണ്ടായത്. പാർടിയെ കൂടുതൽ ശക്തമാക്കി രാഷ്ട്രീയ ഇടപെടൽശേഷി വർധിപ്പിക്കുകയെന്ന വികാരം പ്രതിനിധികൾ പ്രകടിപ്പിച്ചു. വിഭാഗീയപ്രവണതകൾ തൊട്ടുതീണ്ടാതെ പുതിയ ദിശാബോധത്തിലേക്കുള്ള ചുവടുവയ്പ് മാധ്യമങ്ങളെ നിരാശപ്പെടുത്തി. പാർടിയെ ഇകഴ്ത്താനുള്ള മാധ്യമശ്രമം പൊളിഞ്ഞു. വികസന നയരേഖയുടെ വിശദാംശങ്ങൾ കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതോടെ നയവൈരുധ്യമെന്ന വ്യാഖ്യാനവും പാളി. സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ ജനങ്ങളിൽ വലിയ മതിപ്പുളവാക്കി. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം സമ്മേളനം അംഗീകരിക്കുന്ന രേഖ കേരളത്തിന് പുതുപ്രതീക്ഷയാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/Twn4puO

Comments

Archive

Contact Form

Send