പിടിച്ചുപറി ; കേന്ദ്രം പിഎഫ്‌ പലിശ വെട്ടിക്കുറച്ചു l ആറ്‌ കോടി തൊഴിലാളികളുടെ വയറ്റത്തടിച്ചു


ന്യൂഡൽഹി
നാല് സംസ്ഥാനത്തെ തെരഞ്ഞെടുപ്പുവിജയത്തിന് പിന്നാലെ ഇപിഎഫ് നിക്ഷേപ പലിശ 44 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് താഴ്ത്തി കേന്ദ്രസര്ക്കാര്. 8.5 ശതമാനമായിരുന്ന നിരക്ക് 0.4 ശതമാനം വെട്ടിക്കുറച്ച് 8.1 ശതമാനമാക്കി. രാജ്യത്തെ ആറ് കോടിയോളം തൊഴിലാളികൾക്ക് തീരുമാനം കനത്ത തിരിച്ചടിയായി. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ പ്രതിഷേധം മാനിക്കാതെയാണ് ട്രസ്റ്റ് ബോർഡ് യോഗ തീരുമാനം.

പലിശനിരക്ക് കുറയ്ക്കാതെ നിർവാഹമില്ലെന്ന് ഗുവാഹത്തിയിൽ ബോർഡ് യോഗത്തിൽ അധ്യക്ഷനായ തൊഴിൽമന്ത്രി ഭൂപേന്ദ്രസിങ് യാദവ് അവകാശപ്പെട്ടു. ചെറുകിട സമ്പാദ്യപദ്ധതികളിൽ പലിശനിരക്ക് ഇതിലും കുറവാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന പലിശ നൽകാനുള്ള വരുമാനം ഇപിഎഫ് ഫണ്ടിലേക്ക് വരുന്നില്ലെന്ന് മന്ത്രിയും കേന്ദ്രസർക്കാർ പ്രതിനിധികളും വാദിച്ചു. കഴിഞ്ഞ വർഷത്തെ പലിശനിരക്ക് തുടരണമെന്ന് ട്രേഡ് യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ പ്രതിനിധികൾ നിലപാട് മാറ്റിയില്ല. 2015–-16ൽ പലിശ 8.8 ശതമാനമായിരുന്നു. മോദിസർക്കാർ അധികാരമേറ്റശേഷം ഇപിഎഫ് പലിശനിരക്ക് ഓരോവർഷവും വെട്ടിക്കുറച്ചു. പലിശ കുറച്ചത് അങ്ങേയറ്റം നിരാശാജനകമാണെന്ന് ബോർഡിലെ സിഐടിയു പ്രതിനിധി എ കെ പത്മനാഭൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണിത്.

ഇപിഎഫ് ഫണ്ട് ഉപയോഗിച്ച് കൂടുതൽ വരുമാനം ഉറപ്പായ നിക്ഷേപം നടത്താനാകുന്നില്ല. ഫണ്ടിൽനിന്ന് കേന്ദ്രസർക്കാർ പണം സ്വീകരിച്ച് മൂലധനനിക്ഷേപം നടത്തി ഉയർന്ന പലിശ നൽകലാണ് പരിഹാരമെന്നും -പത്മനാഭൻ പറഞ്ഞു. പത്മനാഭനുപകരം സിഐടിയു അഖിലേന്ത്യ സെക്രട്ടറി ആർ കരുമലൈയനാണ് യോഗത്തിൽ പങ്കെടുത്തത്.

ഇപിഎഫ് ബോർഡ് നിശ്ചയിച്ച പലിശനിരക്ക് വിജ്ഞാപനം ചെയ്യുന്നതിനുമുമ്പ് ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കണം. പലിശനിരക്ക് കുറയ്ക്കാൻ തൊഴിൽമന്ത്രാലയത്തിനുമേൽ ധനമന്ത്രാലയം സമ്മർദം ചെലുത്തിയിരുന്നു. ചൂതാട്ടസ്വഭാവമുള്ള ഓഹരിവിപണിയിലേക്ക് നിക്ഷേപം ആകർഷിക്കാൻ ഇപിഎഫിന്റെ ഇതര ചെറുകിട സമ്പാദ്യപദ്ധതികളുടെയും പലിശനിരക്ക് കുറയ്ക്കണമെന്ന നയമാണ് ധനമന്ത്രാലയത്തിന്.



Credits Kerala || Deshabhimani ​Online ​News https://ift.tt/9MYy3Do

Comments

Archive

Contact Form

Send