കോവിഡ്‌ മരണം; 100 ശതമാനം രജിസ്‌ട്രേഷൻ 
കേരളത്തിൽമാത്രം

തിരുവനന്തപുരം > നൂറു ശതമാനം കോവിഡ് മരണവും രജിസ്റ്റർ ചെയ്ത് മാതൃകയായി കേരളം. രാജ്യത്തെ കോവിഡ് മരണം 40 ലക്ഷമാണെന്ന ലോകാരോഗ്യ സംഘടനാ റിപ്പോർട്ട് പുറത്തുവന്നതിനിടെയാണിത്.

2019ലെ കേന്ദ്ര സിവിൽ രജിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം 100 ശതമാനം ജനന, മരണ കണക്കും കേരളം അപ്ലോഡ് ചെയ്യുന്നു. 2020 മുതൽ 2022 ഏപ്രിൽ 24വരെ രജിസ്റ്റർ ചെയ്ത 2,38,271 മരണങ്ങളിൽ 68,819 ഉം കോവിഡ് മരണമാണ്. സുപ്രീംകോടതി നിർദേശപ്രകാരമുള്ള കോവിഡ് മരണം റിപ്പോർട്ട് ചെയ്ത ഏക സംസ്ഥാനം കേരളമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ ഔദ്യോഗിക മരണത്തിന്റെ ഇരട്ടിയാണ്.
രാജ്യത്തെ കോവിഡ് മരണം 5.22 ലക്ഷമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്ക്. എന്നാൽ ഡബ്ല്യുഒച്ച്ഒയുടെ റിപ്പോർട്ടുപ്രകാരം യഥാർഥ മരണത്തിന്റെ 13 ശതമാനം മാത്രമാണ് കേന്ദ്ര പട്ടികയിലുള്ളത്. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇന്ത്യ സമ്മർദം ചെലുത്തിയതായി ന്യൂയോർക്ക് ടൈംസ് വാർത്ത നൽകിയിരുന്നു.

കേരളത്തിൽ കോവിഡ് മരണം കൂടുതലാണെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും ഈ റിപ്പോർട്ട് തിരിച്ചടിയാകും. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം മഹാരാഷ്ട്രയിലാണ്, 1.47 ലക്ഷം. രണ്ടാമതാണ് കേരളം. യഥാർഥ കണക്ക് പുറത്തുവരുന്നതോടെ കേരളം പട്ടികയിൽ അവസാനമാകാം. കോവിഡ് മരണ നിർണയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ധനസഹായത്തിലും 
മുന്നിൽ

കോവിഡിൽ മരിച്ചവരുടെ കുടുംബത്തിനുള്ള 50,000 രൂപ ധനസഹായം നൽകുന്നതിലും കേരളം മുന്നിലാണ്. 64,621 അപേക്ഷയിൽ 61,902 എണ്ണം അംഗീകരിച്ചു. 59,949 പേർക്ക് തുക നൽകി. ആകെ 299.74 കോടി അനുവദിച്ചു. മഹാരാഷ്ട്രയിൽ ലഭിച്ച രണ്ടുലക്ഷത്തിലധികം അപേക്ഷയിൽ പണം നൽകിയത് 93,-000ഓളം മാത്രം.



Credits Kerala || Deshabhimani ​Online ​News https://ift.tt/ZLH9v7p

Comments

Archive

Contact Form

Send