പാലക്കാട്ടെ കൊലപാതകം : പഴുതടച്ച്‌ 
അന്വേഷണം ; 13 പേർ കസ്‌റ്റഡിയിൽ


പാലക്കാട്
പാലക്കാട്ടെ എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലയിൽ പഴുതടച്ച അന്വേഷണവുമായി പൊലീസ്. 13 പേരെ കസ്റ്റഡിയിലെടുത്തു. ഇരു കൊലപാതകങ്ങളുടെയും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ചോദ്യംചെയ്യൽ തുടരുന്നുണ്ട്.

എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ നാലുപേരാണ് പിടിയിലായത്. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യും. ഏഴുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. നർകോട്ടിക് സെൽ ഡിവൈഎസ്പി എസ് ഷംസുദ്ദീനിനാണ് അന്വേഷണച്ചുമതല. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒമ്പതുപേരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ കൂടാതെ 10 പേരെയും ചോദ്യം ചെയ്തു. പ്രതികൾ ഉപയോഗിച്ച മൂന്ന് ബൈക്കിൽ ഒന്നിന്റെ ഉടമ സ്ത്രീയാണ്. ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്. വായ്പയെടുക്കാൻ ഈടുവച്ച ബൈക്കാണിതെന്ന് ഇവർ മൊഴിനൽകി. നർകോട്ടിക് ഡിവൈഎസ്പി അനിൽകുമാറിനാണ് അന്വേഷണച്ചുമതല. എഡിജിപി വിജയ് സാഖറെ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഇരു കൊലയും രാഷ്ട്രീയ വൈരാഗ്യംമൂലമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ മൃതദേഹം ഞായറാഴ്ച വിലാപയാത്രയായി മൂത്താന്തറ കർണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ച് പൊതുദർശനത്തിനു വച്ചു. പകൽ രണ്ടിന് കറുകോടി ശ്മശാനത്തിൽ സംസ്കരിച്ചു. വിലാപയാത്ര കടന്നുപോയ വഴികളിൽ ആർഎസ്എസുകാർ കടകൾ അടപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ഞായർ വൈകിട്ട് നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ആർഎസ്എസ്, എസ്ഡിപിഐ കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കി.

സംഘർഷം ഒഴിവാക്കാൻ ആർഎസ്എസിലെയും- എസ്ഡിപിഐയിലേയും തീവ്രനിലപാടുള്ള 50 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. വാഹനപരിശോധനയും മൊബൈൽ പട്രോളിങ്ങും സജീവമാണ്. 1330 അംഗ പൊലീസ് സേനയെ ജില്ലയിൽ വിന്യസിച്ചു. ലോക്കൽ പൊലീസും മുഴുവൻ സമയം രംഗത്തുണ്ട്. കോയമ്പത്തൂരിൽനിന്നുള്ള 890 പ്രത്യേക പൊലീസ് സംഘവും ജില്ലയിലെത്തി. ആലപ്പുഴ ഇരട്ടക്കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തെങ്ങും റൂട്ട് മാർച്ച് നടത്തി കലാപം വിതയ്ക്കാൻ ആർഎസ്എസ് ശ്രമിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും അതിജാഗ്രതാ നിർദേശം നൽകി.

സമൂഹമാധ്യമങ്ങളെയും പൊലീസ് നിരീക്ഷിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ തിങ്കളാഴ്ച പാലക്കാട് സർവ കക്ഷിയോഗം ചേരും. വർഗീയ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 25 മുതൽ 30 വരെ മണ്ഡലം കേന്ദ്രീകരിച്ച് ബഹുജനറാലി നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സുരേന്ദ്രന്റെ വരവ് 
അന്വേഷിക്കണം
കൊലപാതകങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പാലക്കാട്ട് എത്തിയത് വിശദമായി അന്വേഷിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ആവശ്യപ്പെട്ടു. സുരേന്ദ്രൻ മടങ്ങിയ ഉടനാണ് എസ്ഡിപിഐ പ്രവർത്തകനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയത്.

കൊലപാതകങ്ങൾ 
ആസൂത്രിതം: എഡിജിപി
എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്കുപിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു. കല്ലേക്കാട് കെഎപി ക്യാമ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചന നടത്തിയവരെയും നിയമത്തിനുമുന്നിലെത്തിക്കും. അന്വേഷണത്തിന് രണ്ട് സംഘത്തെ നിയോഗിച്ചു. സുബൈർ കേസിലെ പ്രതികളെ സംബന്ധിച്ച് കൃത്യമായ സൂചനയുണ്ട്. കുറച്ചുപേർ കസ്റ്റഡിയിലുണ്ട്. പ്രതികളാണെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യും. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകക്കേസിൽ സിസിടിവി ദൃശ്യം ലഭിച്ചു. സംശയിക്കപ്പെടുന്നവരുടെ വിവരം തയ്യാറാക്കി. പ്രതികളെ കണ്ടെത്താൻ നാല് സംഘത്തെ നിയോഗിച്ചു. അറസ്റ്റ് ഉടനുണ്ടാകും. പൊലീസിന് വീഴ്ചയുണ്ടായതായി പറയാനാവില്ല. ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങൾ തടയുക ബുദ്ധിമുട്ടാണെന്നും എഡിജിപി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/BebQoZk

Comments

Archive

Contact Form

Send