സുബൈര്‍ വധം : 3 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
പാലക്കാട്
എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. എലപ്പുള്ളി വടക്കോട് കള്ളിമുള്ളി സ്വദേശി രമേഷ്(41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ(37), മരുതറോഡ് ആലമ്പള്ളം സ്വദേശി ശരവണൻ(33) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
ഇവർ കൊലപാതകത്തിനുപയോഗിച്ച നാല് വടിവാൾ എലപ്പുള്ളി മണ്ണുക്കാട് കോരയാർ പുഴയിൽനിന്ന് കണ്ടെടുത്തു. നവംബർ 15ന് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റ സുഹൃത്തുക്കളാണ് പ്രതികൾ. സഞ്ജിത്തിനെ കൊന്നതിലെ വൈരാഗ്യമാണ് സുബൈറിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. കൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞ എലപ്പുള്ളി താഴെ പോക്കാംതോടും പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഇവർ ഉപയോഗിച്ച വസ്ത്രങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തു.
കഴിഞ്ഞ എട്ടിനും ഒമ്പതിനും സുബൈറിനെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസ് നിരീക്ഷണമാണ് ഇതിനു കാരണം. 15ന് രണ്ട് കാറിലായാണ് പ്രതികൾ എത്തിയത്. രമേശ് ഓടിച്ച സഞ്ജിത്തിന്റെ കാറാണ് സുബൈറിന്റെ ബൈക്ക് ഇടിച്ചിട്ടത്. തുടർന്ന് മൂന്നുപേരുംചേർന്ന് സുബൈറിനെ വെട്ടുകയും ഇടിച്ച കാർ ഉപേക്ഷിച്ച് ആറുമുഖനും ശരവണനും വന്ന കാറിൽ രക്ഷപ്പെടുകയുമായിരുന്നു. ഈ കാർ കഞ്ചിക്കോട് വ്യവസായമേഖലയിൽ ഉപേക്ഷിച്ചു. തുടർന്ന് കോരയാർപുഴയിൽ വാൾ ഉപേക്ഷിച്ച്, നടന്ന് താഴെ പോക്കാംതോട്ടിലെ വനമേഖലയിൽ എത്തി. രാത്രി കാട്ടിലാണ് കഴിഞ്ഞത്. ഇവിടെനിന്ന് ഭക്ഷണവും മദ്യവും കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് തങ്ങളാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. കൂടുതൽപേർ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/xD69U5Q
Comments