ജനങ്ങളോട്‌ തെരുവിൽ ഇറങ്ങാൻ ഇമ്രാൻ

ഇസ്ലാമാബാദ്
പാകിസ്ഥാനിൽ അവിശ്വാസ പ്രമേയത്തിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ ജനങ്ങളോട് തെരുവിൽ ഇറങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിൽ അധികാരമാറ്റത്തിന് ഗൂഢാലോചന നടക്കുന്നെന്ന് ആവർത്തിച്ചായിരുന്നു പ്രതികരണം. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജ്യത്തെ "സംവിധാനം' തനിക്കുമുമ്പിൽ വച്ചിരിക്കുന്നത് മൂന്ന് മാർഗമാണെന്ന് ശനിയാഴ്ച ഇമ്രാൻ പറഞ്ഞിരുന്നു. രാജി, അവിശ്വാസത്തിന്മേലുള്ള വോട്ടെടുപ്പ്, അല്ലെങ്കിൽ തെരഞ്ഞെടുപ്പ്. എന്നാൽ, ഈ സംവിധാനം എന്താണെന്ന് ഇമ്രാൻ വ്യക്തമാക്കിയില്ല. രാജി വയ്ക്കില്ലെന്നും അവിശ്വാസത്തെ നേരിടുമെന്നും ഇമ്രാൻ നേരത്തേ പറഞ്ഞിരുന്നു.

മാർച്ച് എട്ടിനാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നൽകിയത്. 342 അംഗ അസംബ്ലിയിൽ ഭരണം നിലനിർത്താൻ 172 വോട്ടാണ് ഇമ്രാന് വേണ്ടത്. എന്നാൽ, കൂടുതൽ സഖ്യകക്ഷികൾ ഇമ്രാന്റെ പാകിസ്ഥാൻ തെഹ്രീകി ഇൻസാഫ് പാർടിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഇതോടെ ഭൂരിപക്ഷം തികയ്ക്കാനുള്ള വോട്ട് ലഭിച്ചേക്കില്ല. പാകിസ്ഥാനിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ല. അവിശ്വാസപ്രമേയം നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ.

പ്രമേയം പാസായാൽ, അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാകും. 2018ൽ ആണ് ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയത്.



Credits National || Deshabhimani ​Online ​News https://ift.tt/lPECG5c

Comments

Archive

Contact Form

Send