തൊട്ടുപോകരുത്; ബിജെപി ബുൾഡോസർ തടഞ്ഞ് ബൃന്ദ
ന്യൂഡൽഹി> ആസൂത്രിത വർഗീയകലാപത്തിന്റെ ദുരിതക്കനൽ അടങ്ങുംമുമ്പ് ഡൽഹി ജഹാംഗിർപുരിയിൽ പ്രതികാര നടപടിയുമായെത്തിയ ബിജെപിയെ ചെറുത്ത് സിപിഐ എം. അനധികൃത കൈയേറ്റം ആരോപിച്ച് മുന്നറിയിപ്പില്ലാതെ ന്യൂനപക്ഷങ്ങളുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്താനുള്ള വടക്കൻ ഡൽഹി കോർപറേഷന്റെ നടപടി പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ തടഞ്ഞു.
പൊളിക്കലിനെതിരായ അടിയന്തര ഹർജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ബുധൻ രാവിലെ 10.45ന് നടപടി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ, അതിനുശേഷവും രണ്ടു മണിക്കൂറോളം തച്ചുതകർക്കൽ തുടർന്നു. ഇവിടത്തെ മുസ്ലിംപള്ളിയുടെ ഗേറ്റും അതിർത്തിയിലെ ചെറുഭിത്തിയും നിലംപരിശാക്കി. അടുത്തുള്ള കടകളും തകർത്തു. പകൽ പന്ത്രണ്ടോടെ ബൃന്ദ കാരാട്ട് എത്തി ബുൾഡോസറുകൾ തടഞ്ഞു. ബൃന്ദയെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് ഉയർത്തിക്കാട്ടിയതോടെ പിൻവാങ്ങി.
ബൃന്ദയുടെ നേതൃത്വത്തിൽ പാർടി പ്രവർത്തകരടങ്ങിയ സംഘം ബുൾഡോസറുകൾക്കു മുന്നിൽ കുത്തിയിരുന്നു. പ്രദേശവാസികൾ സമാധാനം പാലിക്കണമെന്ന് ബൃന്ദ ആഹ്വാനംചെയ്തു. തുടർന്ന്, കോർപറേഷൻ അധികൃതരോടും ഡൽഹി നോർത്ത് സ്പെഷ്യൽ കമീഷണർ ദീപേന്ദ്ര പതക്കിനോടും ബൃന്ദ ചർച്ച നടത്തി. ഉടൻ കോടതി ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ബുൾഡോസറുകൾ മാറ്റിയത്. ബിജെപി ഭരണത്തിലുള്ള കോർപറേഷന്റെ നടപടി കോൺഗ്രസും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർടിയും കൈയ്യുംകെട്ടി നോക്കവെയാണ് പ്രദേശവാസികള്ക്ക് ആശ്വാസമേകി സിപിഐ എമ്മിന്റെ ശക്തമായ ഇടപെടലുണ്ടായത്. കേസ് വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും.
ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ജഹാംഗിർപുരിയിലെ പള്ളിക്കുനേരെ ബജ്രംഗ്ദളുകാർ ആക്രമണം നടത്തിയതോടെയാണ് സംഘർഷമുണ്ടായത്. മുഖ്യസൂത്രധാരനും ബിജെപിക്കാരനുമായ അൻസാർ അടക്കമുള്ളവരുടെ പങ്കും പുറത്തുവന്നു. ഇതോടെ, കുറ്റാരോപിതരുടെ ‘അനധികൃത നിർമാണം’ പൊളിക്കണമെന്ന് ബിജെപി ഡൽഹി സംസ്ഥാന പ്രസിഡന്റ് അദേഷ് ഗുപ്ത കത്തുനൽകി. രാവിലെ പത്തോടെ ഒമ്പത് ബുൾഡോസറുമായി എത്തി അധികൃതർ ‘ഒഴിപ്പിക്കൽ’ തുടങ്ങി. അഞ്ഞൂറിലധികം പൊലീസുകാർ പ്രദേശത്തെ വഴിയടച്ചു. 1977ൽ ലൈസൻസ് ലഭിച്ച ജ്യൂസ് കടയടക്കം പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഇടിച്ചുനിരത്തി. ഉന്തുവണ്ടികൾ, കുടിവെള്ള പൈപ്പുകൾ തുടങ്ങിയവയും തകർത്തു.
Credits National || Deshabhimani Online News https://ift.tt/p4iyhqE
Comments