സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിർബന്ധം
തിരുവനന്തപുരം
സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. ഡൽഹിയിലടക്കം കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിലാണിത്.
തിങ്കളാഴ്ച ചേർന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരിടത്തും ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ലെന്നും യോഗം വിലയിരുത്തി. ജില്ലകളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കോവിഡ് കേസ് ഉയന്നാലോ ക്ലസ്റ്ററുകൾ രൂപപ്പെട്ടാലോ സംസ്ഥാനതലത്തിൽ അറിയിക്കണം.
തുടർച്ചയായി അവലോകന യോഗം ചേർന്ന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും വാക്സിൻ വിതരണം ശക്തിപ്പെടുത്താനും മന്ത്രി നിർദേശിച്ചു. കരുതൽ ഡോസ് എടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികൾക്കുള്ള വാക്സിനേഷനും ശക്തിപ്പെടുത്തും. സ്വകാര്യ ലാബുകളിൽ കൂടിയ നിരക്കിൽ കോവിഡ് പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് തിങ്കളാഴ്ച 255 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേർ രോഗമുക്തരായി. സംസ്ഥാനത്തെ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 1812. എറണാകുളം ജില്ലയിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകൾ വർധിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/XRgDhIb
Comments