കലാപം പടരുമ്പോഴും മോദിക്ക് മൗനം ; വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല
ന്യൂഡൽഹി
രാജ്യതലസ്ഥാനത്തടക്കം വർഗീയസംഘർഷങ്ങൾ വ്യാപിച്ചിട്ടും പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപങ്ങൾക്ക് വഴിയൊരുക്കുന്ന വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും ബിജെപി സർക്കാരുകൾ തയ്യാറാകുന്നില്ല.
ന്യൂനപക്ഷസമുദായങ്ങളുടെ പേരെടുത്തുപറഞ്ഞുള്ള വിദ്വേഷപരാമർശങ്ങളാണ് സംഘപരിവാർ നേതാക്കൾ കുറെക്കാലമായി നടത്തിവരുന്നത്. ഇതിനു തുടർച്ചയായാണ് രാമനവമി ആഘോഷകാലത്തെ ആക്രമണങ്ങൾ.
ഈ സാഹചര്യത്തിൽ 13 പ്രതിപക്ഷ പാർടി കഴിഞ്ഞദിവസം ഇറക്കിയ സംയുക്തപ്രസ്താവന വർഗീയ കലാപങ്ങൾക്കെതിരെ ചെറുത്തുനിൽപ്പിന്റെ ഐക്യസന്ദേശം പകരുന്നതാണ്. പല കാരണങ്ങളാലും വ്യത്യസ്ത തട്ടുകളിൽനിൽക്കുന്ന രാഷ്ട്രീയ പാർടികളാണ് രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രധാനവിഷയത്തിൽ ഒന്നിച്ചത്.കോൺഗ്രസ്, സിപിഐ എം, സിപിഐ, തൃണമൂൽ, ഡിഎംകെ, ആർജെഡി, നാഷണൽ കോൺഫറൻസ്, ജാർഖണ്ഡ് മുക്തി മോർച്ച, എൻസിപി, ആർഎസ്പി, ഫോർവേർഡ് ബ്ലോക്ക്, സിപിഐ എംഎൽ–-ലിബറേഷൻ, ഐയുഎംഎൽ എന്നീ പാർടികളാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്.
സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള വിദ്വേഷപ്രചാരണത്തിനെതിരെ പ്രസ്താവനയിൽ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആസൂത്രിതമായി വിദ്വേഷപ്രചാരണവും ആക്രമണങ്ങളും നടക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണ്. അക്രമിസംഘങ്ങൾക്ക് ഔദ്യോഗിക പിന്തുണ കിട്ടുന്നതിനുള്ള തെളിവായി ഇതിനെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യധാരാമാധ്യങ്ങൾ ഈ പ്രസ്താവനയ്ക്ക് അർഹമായ പ്രധാന്യം നൽകാതിരുന്നത് അവരുടെ ഉത്തരവാദിത്തശൂന്യമായ നിലപാടിന്റെ വിളംബരവുമായി.
Credits National || Deshabhimani Online News https://ift.tt/EHu0t2D
Comments