നഗരസഭ നഷ്ടപരിഹാരം നൽകണം ; കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ നടത്തിയത് വർഗീയനിറത്തോടെയുള്ള രാഷ്‌ട്രീയപദ്ധതി : ബൃന്ദ കാരാട്ട്
ന്യൂഡൽഹി
ജഹാംഗിർപുരിയിൽ ഉത്തരഡൽഹി നഗരസഭ നിയമവിരുദ്ധമായി കുടിയിറക്കിയവര്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. മുൻകൂർ നോട്ടീസ് നൽകാതെ ഒഴിപ്പിക്കൽ നടത്തിയത് നിയമലംഘനമാണ്. കിടപ്പാടവും ജീവനോപാധികളും ഇല്ലാതാക്കിയത് ഭരണഘടനയുടെ 14, 19, 21 വകുപ്പുകളുടെയും ലംഘനമാണ്. മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
നിയമസംവിധാനത്തിനും മനുഷ്യത്വത്തിനും എതിരായ ഒഴിപ്പിക്കൽ നടപടി അറിഞ്ഞയുടൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തൽസ്ഥിതി തുടരാൻ ബുധൻ രാവിലെ 10.45ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടശേഷവും കെട്ടിടങ്ങൾ തകർക്കുന്നത് നഗരസഭാ അധികൃതരും പൊലീസും തുടർന്നു. ഇതോടെ, താൻ നേരിട്ട് ജഹാംഗിർപുരി ‘സി’ ബ്ലോക്കിൽ എത്തി കോടതി ഉത്തരവിന്റെ കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെന്നും ബൃന്ദ ചൂണ്ടിക്കാട്ടി. ഉത്തരവ് നേരിട്ടു കാണാതെ നടപടി നിർത്തിവയ്ക്കില്ലെന്ന് പ്രതികരിച്ച ഉദ്യോഗസ്ഥർ 12.25 വരെ പൊളിക്കൽ തുടർന്നു. കോടതി ഉത്തരവ് മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭാ അധികൃതരുടെ നടപടി കോടതിയലക്ഷ്യമാണ്.
ഉത്തരഡൽഹി നഗരസഭാ കമീഷണർ, അസി. കമീഷണർ, ഡൽഹി പൊലീസ് വടക്കുപടിഞ്ഞാറൻ ജില്ലാ ഡെപ്യൂട്ടി കമീഷണർ എന്നിവരാണ് എതിര്കക്ഷികള്. കൈയേറ്റം ഒഴിപ്പിക്കാനെന്നപേരിൽ വർഗീയനിറത്തോടെ രാഷ്ട്രീയപദ്ധതിയാണ് ആസൂത്രണം ചെയ്തത്. മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വീടുകളും കടകളുമാണ് കൂടുതലായും തകർത്തതെന്നും -ഹർജിയിൽ ചൂണ്ടിക്കാട്ടി.
Credits National || Deshabhimani Online News https://ift.tt/EDz5Z7n
Comments