അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ; സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണം: സിഐടിയു
ന്യൂഡൽഹി
അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഗ്രാറ്റുവിറ്റി, സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തൽ എന്നിവയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ചരിത്രവിജയമായ കോടതിവിധി നേടിയെടുക്കാനായി പൊരുതിയ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷനെയും ഗുജറാത്ത് ഘടകത്തെയും സിഐടിയു അഭിനന്ദിച്ചു.
സുദീർഘമായ നിയമയുദ്ധത്തിന് സഹായം നൽകിയ മുതിർന്ന അഭിഭാഷകനും അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ പി വി സുരേന്ദ്രനാഥിനെയും അഭിഭാഷകൻ കെ ആർ സുഭാഷ്ചന്ദ്രനെയും സിഐടിയു അഭിനന്ദിച്ചു.
10 ശതമാനം പലിശസഹിതം ഗ്രാറ്റുവിറ്റി മൂന്നു മാസത്തിനകം വിതരണം ചെയ്യണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടിരിക്കയാണ്. കേന്ദ്ര സർക്കാർ ലക്കുകെട്ടനിലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുമ്പോൾ സാമൂഹികസുരക്ഷയ്ക്കും മിനിമം വേതനത്തിനുംവേണ്ടി നടക്കുന്ന പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതാണ് കോടതിവിധി. ക്ഷേമപദ്ധതികളിലെ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളിൽ ഇത് ദൂരവ്യാപകമായ ഗുണഫലങ്ങൾ സൃഷ്ടിക്കുമെന്ന് -സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/SgptXHf
Comments